പദ്ധതിയുണ്ടെങ്കിലും പ്രയോജനമില്ല; കുടിവെള്ളം കിട്ടാതെ നൂറ്റവന്‍പാറ
1518788
Friday, February 28, 2025 11:55 PM IST
ചെങ്ങന്നൂര്‍: പദ്ധതിയുണ്ട്, പക്ഷേ ആണ്ടുമുഴുവന്‍ കുടിവെള്ളം പണം കൊടുത്തുവാങ്ങണം. ചെങ്ങന്നൂര്‍ താലൂക്കിലെ പുലിയൂര് നൂറ്റവന്‍പാറ നിവാസികളുടെ ദുര്യോഗമാണിത്. അഞ്ചര പതിറ്റാണ്ട് മുമ്പ് ആരംഭിച്ച നൂറ്റവന്‍പാറ കുടിവെള്ള പദ്ധതിക്ക് ജനസംഖ്യാനുപാതികമായ വിപുലീകരണമില്ലാത്തതും ആസൂത്രണമില്ലാതെയുള്ള അറ്റകുറ്റപ്പണികളുമാണ് ജനങ്ങളുടെ ദുരിതം ഇരട്ടിയാക്കുന്നത്.
പാറക്കെട്ടുകള്‍ നിറഞ്ഞതും കിഴുക്കാംതൂക്കായി ചരിവുള്ളതുമായ പ്രദേശത്തെ വീടുകളുടെ സ്ഥാനവും ദുര്‍ഘടമായ കയറ്റിറക്ക നടവഴിയും ദൂരവും പരിഗണിക്കാതെ തികച്ചും അശാസ്ത്രീയമായ രീതിയില്‍ വഴിപാട് പോലെ സ്ഥാപിച്ച പൊതുടാപ്പുകളും ഒരേ വലുപ്പത്തില്‍ നൂറുകണക്കിനു മീറ്റര്‍ ദൂരേക്ക് കിഴ ക്കാം തുക്കായി സ്ഥാപിച്ച കുഴലുകള്‍ താഴ്വാരത്തേക്കു ദീര്‍ഘിപ്പിച്ചതും പാറയോടു ചേര്‍ന്ന മധ്യഭാഗത്തെ താമസക്കാര്‍ക്ക് കുടിവെള്ളം കിട്ടാത്തതിനു പ്രധാന കാരണമായി.
പാറമുകളിലെ സംഭരണിയില്‍നിന്നു പുറത്തേക്കു പോകുന്ന ഇതേ വിതരണക്കുഴലിലൂടെ നിമിഷ വേഗത്തിൽ ഒഴുകുന്ന വെള്ളം ചാഞ്ഞുകിടക്കുന്ന കുഴലിലെ അവസാന ടാപ്പുകളിലേക്ക് ആദ്യമാദ്യം എത്തുന്നതിനാലാണിത്. ചരിവുള്ള കുഴലിലൂടെ തടസമില്ലാത ഒഴുകുന്ന വെള്ളം അതേ കുഴലിന്റെ മധ്യഭാഗത്ത് വരുന്ന പൊതുടാപ്പുകളില്‍ കിട്ടാതെ പോകുന്നു.
ഇതുമൂലം പ്രസ്തുത പോയിന്റിനെ ആശ്രയിക്കുന്ന നിരവധി താമസക്കാര്‍ വെള്ളം കിട്ടാതെ നെട്ടോട്ടമോടുകയാണ്. ഇക്കാര്യം വര്‍ഷങ്ങളായി ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തിയിട്ടും പരിഹാരമുണ്ടായിട്ടില്ല. ഇക്കാരണത്താല്‍ തന്നെ പദ്ധതിയുണ്ടെങ്കിലും വാട്ടര്‍ ടാങ്കിനും പാറയ്ക്കും സമീപം താമസിക്കുന്നവര്‍ വര്‍ഷം മുഴുവന്‍ വെള്ളം പണം കൊടുത്തുവാങ്ങേണ്ട സ്ഥിതിയിലാണ്.
അതിനിടെ ലൈനിലെ ചോര്‍ച്ചയിലൂടെ ശേഖരിക്കാന്‍ കഴിയുന്ന വെള്ളം ഒരനുഗ്രഹമായി കരുതുന്നവരുമുണ്ട്. വേനല്‍ കടുത്തതോടെ പ്രശ്നം രൂക്ഷമായി. ജനസഖ്യാനുപാതികമായി പദ്ധതി വിപുലീകരിച്ച് എല്ലാ വീടുകളിലേക്കും കണക്ഷന് നല്കിയാല് തീരുന്ന കുടിവെള്ള പ്രശ്നമേ നൂറ്റവര്പാറ പ്രദേശത്തുള്ളു.
എന്നാല്‍, പഞ്ചായത്ത് അധികാരികളുടെയും ജല അഥോറിറ്റിയുടെയും അനാസ്ഥയും അവഗണനയും പദ്ധതി വിപുലീകരണം യാഥാര്‍ഥ്യമാകാതെ പോകുകയാണ്. അതുപോലെ പാവപ്പെട്ടവര്‍ക്ക് സൗജന്യ ഗാര്‍ഹിക കണക്ഷന് നല്‍കുന്നതുള്‍പ്പെടെയുള്ള നിരവധി പദ്ധതികള്‍ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായി രാജ്യത്തുണ്ടെങ്കിലും അതേക്കുറിച്ചൊന്നും പുലിയൂര് പഞ്ചായത്തിനു കേട്ടുകേഴ്വി പോലുമില്ല. 1969-ലാണ് നൂറ്റവന്‍പാറ കുടിവെള്ള പദ്ധതി ആരംഭിച്ചത്.
ഉയര്‍ന്ന പാറയുടെ മുകളില്‍ കരിങ്കല്ലില്‍ കെട്ടിയ ചെറിയ ജലസംഭരണിയും തെക്ക് താഴ് വാരത്തെ പുഞ്ചയോട് ചേര്‍ന്ന കിണറും പമ്പ് ഹൗസുമടങ്ങുന്നതാണ് പദ്ധതി. പദ്ധതിയുടെ തുടക്കത്തില്‍ പ്രദേശത്ത് 150 ഓളം കുടുംബങ്ങളാണുണ്ടായിരുന്നതെങ്കില് 56-ാം വര്‍ഷം കുടുംബങ്ങളുടെ എണ്ണം ഇരട്ടിയിലധികമായി.
പുലിയൂര് നാലാം വാര്‍ഡിനെ കൂടാതെ വടക്ക് കിഴക്കെ അതിര്‍ത്തി പ്രദേശമായ നഗരസഭ വാര്‍ഡുകളിലെ നൂറിലേറെ കുടുംബങ്ങളും നൂറ്റവന്‍ പാറപദ്ധതിയുടെ കനിവും കാത്ത് കഴിയുകയാണ്. വേനല്‍ കനത്തതോടെ പദ്ധതിക്കിണറ്റിലെ ജലനിരപ്പും അനുദിനം കുറഞ്ഞുവരികയാണ്. ഈ സാഹചര്യം എങ്ങനെ കുടിവെള്ള പ്രശ്നത്തെ അതിജീവിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.