മുഹമ്മ പോലീസ് സ്റ്റേഷന് ഐഎസ്ഒ അംഗീകാരം കൈമാറി
1507814
Thursday, January 23, 2025 11:53 PM IST
മുഹമ്മ: മുഹമ്മ പോലീസ് സ്റ്റേഷന് ഐഎസ്ഒ അംഗീകാരം. കുറ്റാന്വേഷണം, ട്രാഫിക് ബോധവത്കരണം, സൈബർ ബോധവത്കരണം തുടങ്ങിയ മേഖലകളിൽ കൈവരിച്ച നേട്ടങ്ങൾ കണക്കിലെടുത്താണ് ഐഎസ്ഒ അംഗീകാരം ലഭിച്ചത്.
ഐഎസ്ഒ പുരസ്കാര സമർപ്പണവുമായി ബന്ധപ്പെട്ട് മുഹമ്മ പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങി എറണാകുളം റേഞ്ച് ഡി ഐജി എസ്. സതീഷ് ബിനോ ഉദ്ഘാടനം ചെയ്തു.
മൂന്നു പതിറ്റാണ്ടിനിടെ പോലീസ് സേനയിലുണ്ടായ മാറ്റം അഭിമാനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. മുൻ കാലങ്ങളിൽ ഒരു പോരാളിയുടെ റോളായിരുന്നു പോലീസിനെങ്കിൽ ഇന്ന് ഒരു സംരക്ഷകന്റെ നിലയിലേക്ക് അത് ഉയർന്നിട്ടുണ്ട്.
മികച്ച പ്രവർത്തനം കാഴ്ചവച്ചതിലൂടെ ലഭിച്ച ഐഎസ് ഒ അംഗീകാരം നിലനിർത്തി കൊണ്ടുപോകാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
പരാതിയുമായി വരുന്നവർക്ക് നീതി ഉറപ്പാക്കി ജനങ്ങളുടെ അംഗീകാരം നേടിയെടുക്കാൻ കഴിയണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ജില്ലാ പോലീസ് മേധാവി മോഹനചന്ദ്രൻ ഐ പി എസ് പറഞ്ഞു.
ഒത്തൊരുമയോടെയുള്ള പ്രവർത്തനമാണ് ഐ എസ് ഒ അംഗീകാരത്തിലേക്ക് നയിച്ചതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ചേർത്തല എഎസ്പി ഹരീഷ് ജയിൻ ഐപിഎസ് പറഞ്ഞു. ഐ എസ്ഒ ഡയറക്ടർ എൻ. ശ്രീകുമാർ, മുഹമ്മ പോലീസ് എസ് എച്ച്ഒ ലൈസാദ് മുഹമ്മദ്, എസ്ഐ എസ്.കെ. സജിമോൻ എന്നിവർ പ്രസംഗിച്ചു.