വെള്ളമില്ല: നെല്‍ച്ചെടികള്‍ കരിഞ്ഞുണങ്ങുന്നു
1507811
Thursday, January 23, 2025 11:53 PM IST
ചെറിയനാട്: പഞ്ചായത്തിലെ പെരുമ്പ കിഴക്ക് പാടശേഖരത്തിലെ നെല്‍ച്ചെടികള്‍ കരിഞ്ഞുണങ്ങുന്നു. പമ്പ ജലസേചന പദ്ധതിയുടെ പ്രധാന കനാലില്‍നിന്ന് ഉപകനാലിലേക്ക് വെള്ളമെത്താത്തതാണ് കാരണം. കഴിഞ്ഞയാഴ്ച മുതല്‍ പ്രധാന കനാലിലൂടെ വെള്ളം വിട്ടുതുടങ്ങിയെങ്കിലും ഉപകനാലിലെത്തുന്നില്ല. ഇതുമൂലം പാടശേഖരത്തിലും വെള്ളമെത്തുന്നില്ല. ഇപ്പോള്‍ 50 ഏക്കര്‍ വരുന്ന പാടശേഖരം വിണ്ടുകീറി 35 ദിവസം പ്രായമായ നെല്‍ച്ചെടികള്‍ കരിഞ്ഞനിലയിലാണ്.
പിഐപി പ്രധാന കനാലില്‍നിന്ന് തുരുത്തിമേല്‍ ഉപകനാലിലേക്കാണ് വെള്ളമെത്താത്തത്. വെള്ളമൊഴുകുന്നതിനായി ഉപകനാലില്‍ അറ്റകുറ്റപ്പണി നടത്തിയിട്ടില്ലെന്ന് കര്‍ഷകര്‍ പറയുന്നു. ഈ വര്‍ഷം വെള്ളമൊഴുകാനായി കര്‍ഷകര്‍ കനാലിലെ തടസം നീക്കിയിട്ടും ഫലമുണ്ടായില്ല. വെള്ളമില്ലാത്തതിനാല്‍ നെല്‍ച്ചെടികള്‍ പറിച്ചുനടാനുമായിട്ടില്ല.
പാടശേഖരത്തിലെ നെല്‍ക്കൃഷി പൂര്‍ണമായും ഉപേക്ഷിക്കേണ്ട അവസ്ഥയാണെന്ന് കര്‍ഷകര്‍ പറയുന്നു. പാടശേഖരത്തില്‍ ആവശ്യാനുസരണം വെള്ളമെത്തണമെങ്കില്‍ തുരുത്തിമേല്‍ ഉപകനാല്‍ തുടങ്ങുന്ന നെടുവരംകോട് അക്വഡേറ്റ് അവസാനിക്കുന്ന ഭാഗത്ത് ബലവത്തായ ഷട്ടര്‍ സ്ഥാപിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. അതോടൊപ്പം ഉപകനാല്‍ കോണ്‍ക്രീറ്റുചെയ്ത് നവീകരിക്കണം. ഇക്കാര്യത്തില്‍ പിഐപി വിഭാഗത്തിന്റെ അടിയന്തര ഇടപെടല്‍ നടത്തണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.