ഡീലിമിറ്റേഷന്‍ കമ്മീഷന് 29ന് പരാതിക്കാരെ നേരില്‍ കേള്‍ക്കും
1497587
Wednesday, January 22, 2025 11:46 PM IST
ആലപ്പുഴ: ജില്ലയിലെ പഞ്ചായത്ത്, നഗരസഭ എന്നിവിടങ്ങളിലെ കരട് വാര്‍ഡ് വിഭജന നിര്‍ദേശങ്ങള്‍ സംബന്ധിച്ച പരാതികളില്‍ സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന് 29നു രാവിലെ 9 മുതല്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല ഹിയറിംഗ് നടത്തും. കരട് വാര്‍ഡ് വിഭജന നിര്ദേശങ്ങളിന്മേല് നിശ്ചിത സമയപരിധിക്ക് മുന്‍പായി ആക്ഷേപങ്ങള്‍/അഭിപ്രായങ്ങള്‍ സമര്പ്പിച്ചിട്ടുള്ളവരേ മാത്രമേ ഹിയറിംഗില്‍ പങ്കെടുക്കാന്‍ അനുവദിക്കുകയുള്ളൂ. കൂടാതെ മാസ് പെറ്റീഷനുകള്‍ നല്കിയിട്ടുള്ളവരില്നിന്നും ഒരു പ്രതിനിധിയെ മാത്രമേ ഹിയറിംഗില്‍ പങ്കെടുക്കാന്‍ അനുവദിക്കുകയുള്ളു എന്നും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.
അന്നേ ദിവസം രാവിലെ ഒമ്പതു മുതല്‍ തൈക്കാട്ടുശേരി, പട്ടണക്കാട്, കഞ്ഞിക്കുഴി, ആര്യാട് ബ്ലോക്കുകളിലെ ഗ്രാമ പഞ്ചായത്തുകളും ചേര്‍ത്തല നഗരസഭയുമായി ബന്ധപ്പെട്ട പരാതികളാണ് പരിഗണിക്കുക.
11 മുതല്‍ അമ്പലപ്പുഴ, ചമ്പക്കുളം, വെളിയനാട്, ചെങ്ങന്നൂര്‍ ബ്ലോക്കുകളിലെ പഞ്ചായത്തുകളും ആലപ്പുഴ, ചെങ്ങന്നൂര്‍ നഗരസഭകളുമായും ബന്ധപ്പെട്ട പരാതികള്‍ പരിഗണിക്കും.
ഉച്ചകഴിഞ്ഞു രണ്ടു മുതല്‍ ഹരിപ്പാട്,മാവേലിക്കര, ഭരണിക്കാവ്, മുതുകുളം ബ്ലോക്കുകളിലെ പഞ്ചായത്തുകളും ഹരിപ്പാട്, മാവേലിക്കര, കായംകുളം നഗരസഭകളുമായും ബന്ധപ്പെട്ട പരാതികള്‍ പരിഗണിക്കും.