ജീവനക്കാർ പണിമുടക്കി; ചേര്‍ത്തലയിൽ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിച്ചില്ല
1497583
Wednesday, January 22, 2025 11:46 PM IST
ചേര്‍ത്തല: അധ്യാപക സംഘടന സമരസമിതി സംസ്ഥാനവ്യാപകമായി ആഹ്വാനം ചെയ്ത പണിമുടക്കില്‍ ചേര്‍ത്തലയിലെ ഭൂരിഭാഗം സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിച്ചില്ല. താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവയെല്ലാം നിശ്ചലമായി.
പങ്കാളിത്ത പെന്ഷന് പിന്‍വലിച്ച് സ്റ്റാറ്റിയൂട്ടറി പെന്ഷന് പുനസ്ഥാപിക്കുക, ശമ്പള പരിഷ്കരണം നടപ്പിലാക്കുക, ശമ്പള പരിഷ്കരണ കുടിശിക അനുവദിക്കുക, ഡിഎ കുടിശിക തീര്‍ത്ത് അനുവദിക്കുക, ലീവ് സറണ്ടര്‍ അനുവദിക്കുക, മെഡിസെപ്പ് ഇന്‍ഷ്വറന്‍സിലെ അപാകതകള്‍ പരിഹരിക്കുക, കേന്ദ്രസര്‍ക്കാരിന്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക് സമരത്തിന് ആഹ്വാനം ചെയ്തത്.
താലൂക്ക് ഓഫീസും മുഴുവന്‍ വില്ലേജ് ഓഫീസുകളും കൃഷി ഓഫീസുകളും അടഞ്ഞുകിടന്നു. മറ്റ് ഇതര സര്‍ക്കാര്‍ ഓഫീസുകളില്‍ ഭൂരിഭാഗം ജീവനക്കാരും പണിമുടക്കില്‍ പങ്കെടുത്ത് ഓഫീസുകളില്‍ ഹാജരായില്ല. പണിമുടക്കിയ ജീവനക്കാര്‍ ചേര്‍ത്തല മിനി സിവില്‍ സ്റ്റേഷനില്‍നിന്നു നഗരം ചുറ്റി പ്രകടനം നടത്തി.
തുടര്‍ന്നു നടന്ന സമ്മേളനത്തില്‍ കെജിഒഎഫ് ജില്ലാ സെക്രട്ടറി അഖില്‍ രാജ് അധ്യക്ഷത വഹിച്ചു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കൗണ്‍സില്‍ അംഗം സി.പ്രസാദ് ഉദ്ഘാടനം ചെയ്തു.