സരസ് മേളയിലേക്ക് ജനപ്രവാഹം
1507813
Thursday, January 23, 2025 11:53 PM IST
ചെങ്ങന്നൂർ: കുടുംബശ്രീ പതിനൊന്നാമത് ദേശീയ സരസ് മേള തുടങ്ങി നാലു ദിവസം പിന്നിടുമ്പോൾ മേളയിലേക്ക് ജനപ്രവാഹം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയാണ് സരസ് മേളയിലേക്ക് ഒഴുകിയെത്തുന്നത്.
സംരംഭകരുടെ പങ്കാളിത്തവും ഉത്പന്നങ്ങളുടെ വൈവിധ്യങ്ങളും മേളയെ ആകർഷകമാക്കുന്നു. മേളയിലെ പ്രധാന വിഭാഗമായ 350ലേറെ ഉത്പന്ന പ്രദർശ വിപണന സ്റ്റാളുകളിൽ രാവിലെ മുതൽ തിരക്കാണ്.
കേരളത്തിൽനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നുമുള്ള സംരംഭകരുടെ ഉത്പന്നങ്ങൾ വാങ്ങാനെത്തുന്നവരാണ് ഏറെയും. ഭക്ഷ്യവിഭവങ്ങൾ, കരകൗശല വസ്തുക്കൾ, വസ്ത്രോത്പന്നങ്ങൾ, വിവിധ തരം അച്ചാറുകൾ, മുളകൊണ്ടുള്ള ഉപകരണങ്ങൾ, കറിക്കത്തികൾ, മൺപാത്രങ്ങൾ, ധാന്യപ്പൊടികൾ തുടങ്ങി വൈവിധ്യമാർന്ന ഉത്പന്നങ്ങൾ കാണാനും വാങ്ങാനും ആളുകൾ സ്റ്റാളുകളിലേക്ക് ഒഴുകുകയാണ്. എല്ലാ സ്റ്റാളുകളിലും വിൽപ്പന സജീവമാണ്. വസ്ത്രങ്ങൾ, ആഭരണങ്ങൾ തുടങ്ങിയവ വിൽക്കുന്ന സ്റ്റാളുകളിലാണ് തിരക്കേറെയും.
മേളയുടെ പ്രധാന ആകർഷണങ്ങളിലൊന്നായ ഇന്ത്യ ഫുഡ് കോർട്ട് ഓരോദിവസം കഴിയുമ്പോഴും ജനസഞ്ചയമായി മാറുകയാണ്. ഇതോടൊപ്പം അമ്യൂസ്മെന്റ് പാർക്ക്, ഫ്ളവർഷോ, പെറ്റ് ഷോ, പുസ്തകമേള എന്നിവിടങ്ങളിലും സന്ദർശകരുടെ തിരക്കുണ്ട്. റോബോട്ടിക് ഷോയാണ് കുട്ടികളെ ആകർഷിക്കുന്ന പ്രധാനയിനം. നഴ്സറിയിൽനിന്നു ഗുണമേൻമയുള്ള ചെടികളും ഫലവൃക്ഷത്തൈകളും വാങ്ങുന്നവരും ഏറെയാണ്.
മേളയിൽ ഇന്ന്
വേദി ഒന്ന്: രാത്രി 7.30 ന് മെഗാ ഷോ (കലാഭവൻ ഷാജോണും സംഘവും).
വേദി രണ്ട്: പകൽ 10 മുതൽ കുടുംബശ്രീ കലാമേള
(കഞ്ഞിക്കുഴി ബ്ലോക്ക്), രണ്ടുമുതൽ കളരിപ്പയറ്റ് (പണിക്കേഴ്സ്
കളരി, ചെങ്ങന്നൂർ), 3.30 മുതൽ മുകരി - സീക്കകളി (പന്തളം നിനവ് പാട്ടുകൂട്ടം).