കോൺഗ്രസിൽ പൊട്ടിത്തെറി
1497581
Wednesday, January 22, 2025 11:46 PM IST
തുറവൂര്‍: കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ പൊട്ടിത്തെറി. അരൂര്‍, വയലാര്‍ ബ്ലോക്ക് കമ്മിറ്റി പുനഃസംഘടിപ്പിച്ചപ്പോള്‍ തീരദേശമേഖലയിലെ പ്രവര്‍ത്തകരെ പൂര്‍ണമായി തഴഞ്ഞു.
ഇതില്‍ പ്രതിഷേധിച്ചാണ് തീരദേശ മേഖലയില്‍നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
യുഡിഎഫിന് ഏറ്റവും കൂടുതല്‍ വോട്ട് നല്കുന്ന തീരദേശ മേഖല പ്രത്യേകിച്ച്, ക്രിസ്ത്യന്‍ മേഖലയെ പൂര്‍ണമായും തഴഞ്ഞുകൊണ്ടുള്ള പുനഃസംഘടന ഒരു കാരണവശാലും അംഗീകരിക്കില്ലെന്നാണ് തീരദേശമേഖലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്. പ്രതിഷേധത്തെത്തുടര്‍ന്ന് വയലാര്‍ ബ്ലോക്ക് കമ്മിറ്റി പുനഃസംഘടന താത്കാലികമായി മരവിപ്പിച്ചു നിര്‍ത്തിയിരിക്കുകയാണ്.
അര്‍ത്തുങ്കല്‍ ഭാഗത്തുനിന്നുള്ള നേതാക്കള്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ. സി. വേണുഗോപാല്‍ എംപിക്ക് നല്കിയ പരാതിയെത്തുടര്‍ന്നാണ് പുനഃസംഘടന മരവിപ്പിച്ചതെന്നാണ് സൂചന. ഇതേ പ്രശ്നംതന്നെയാണ് അരൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയിലും പുകഞ്ഞുകൊണ്ടിരിക്കുന്നത്. തീരദേശമേഖലയിലെ പാര്‍ട്ടി പ്രവര്‍ത്തകരെ പൂര്‍ണമായി തഴഞ്ഞുകൊണ്ടുള്ള പുനഃസംഘടനയ്ക്ക് എതിരേ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്. വരും ദിവസങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധം കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറിയിലേക്ക് നീങ്ങാനാണു സാധ്യത.