സരസ് മേളയിൽ ഗ്രാമീണ ഇന്ത്യയെ കാണാം
1497579
Wednesday, January 22, 2025 11:46 PM IST
ചെങ്ങന്നൂർ: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള നൂറുകണക്കിന് ഗ്രാമീണ ഉത്പന്നങ്ങൾ നിരന്നതോടെ ചെങ്ങന്നൂരിൽ നടക്കുന്ന ദേശീയ സരസ് മേള കാണികളിൽ ഗ്രാമീണ ഇന്ത്യയെ ഒരു കുടക്കീഴിലാക്കിയ പ്രതീതി ഉണർത്തുന്നു.
വൈവിധ്യങ്ങളാണ് മേളയെ ആകർഷകമാക്കുന്നത്. ഗ്രാമീണ ഇന്ത്യയുടെ കരവിരുതിന്റെ മേള കൂടിയാണിത്. മുളയിലും തടിയിലും തീർത്ത ഉത്പന്നങ്ങളുടെ വലിയ കലവറയാണ് ഒരുക്കിയിരിക്കുന്നത്. മാലകൾ, ബാഗുകൾ, ചെരിപ്പുകൾ, കൈത്തറിയിൽനിർമിച്ച തനിമയുടെ പ്രൗഢി വിളിച്ചോതുന്ന സാരികൾ, പട്ടുസാരികൾ, കരകൗശല ശില്പങ്ങൾ, മുളയിലും തടിയിലും തീർത്ത അലങ്കാരവസ്തുക്കൾ തുടങ്ങിയവയുണ്ട്. ത്രിപുര, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, തെലുങ്കാന, ഹരിയാണ, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്റ്റാളുകളിൽ വലിയ തിരക്കുണ്ട്.
മുത്തിലും ലോഹത്തിലും നിർമിച്ച കമ്മലുകളും മാലകളും വാങ്ങാനാണ് കൂടുതൽ തിരക്ക്. പഞ്ചാബിന്റെയും ജമ്മു-കശ്മീരിന്റെയും ഉൾപ്പെടെ രുചിവൈവിധ്യങ്ങൾ പരിചയപ്പെടുത്തുന്ന ഫുഡ് കോർട്ടുകളിലും നല്ല തിരക്കാണ്.
കുടുംബശ്രീ സ്റ്റാളുകളി ലും വ്യത്യസ്ത ഉത്പന്നങ്ങളുണ്ട്. 250 സ്റ്റാളുകളുണ്ട്. പ്രധാനവേദിയിൽ ഉൾപ്പെടെ എയർ കണ്ടീഷനാണ്. അമ്യൂസ്മെന്റ് പാർക്ക്, പെറ്റ് ഷോ, പുസ്തകമേള എന്നിവയിലും തിരക്കാണ്.