എസി റോഡിലും കനാലിലും കൈയേറ്റം; കണ്ണടച്ച് അധികാരികൾ
1497574
Wednesday, January 22, 2025 11:46 PM IST
ആലപ്പുഴ: ആലപ്പുഴ-ചങ്ങനാശേരി റോഡിന്റെ വശങ്ങളിലും എസി കനാലിലും നിർദിഷ്ട കനാലിന്റെ സ്ഥലങ്ങളിലും വ്യാപക കൈയേറ്റം. കൈയേറ്റക്കാർ കച്ചവട സ്ഥാപനങ്ങളും മറ്റും നിർമിച്ചിട്ടും അധികാരികളുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയുമില്ല. ആലപ്പുഴ-ചങ്ങനാശേരി റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ അന്ത്യഘട്ടത്തിൽ എത്തുമ്പോൾ റോഡിന്റെ വശങ്ങളിൽ ദിനംതോറും അനധികൃത കച്ചവട സ്ഥാപനങ്ങൾ ഉയർന്നുവരികയാണ്.
ഇതിനെതിരേ നടപടി സ്വീകരിക്കേണ്ട പൊതുമരാമത്ത്, ഇറിഗേഷൻ, റവന്യു വകുപ്പുകളുടെ നിസംഗത കൂടുതൽ കൈയേറ്റങ്ങൾക്ക് വഴിയൊരുക്കുന്നു. എസി റോഡ് കടന്നുപോകുന്ന എല്ലാ വില്ലേജുകളിലും അനധികൃത കൈയേറ്റങ്ങളും നിർമിതികളും ഉണ്ടെങ്കിലും കൈനകരി, രാമങ്കരി വില്ലേജ് പരിധിയിലാണ് വൻ തോതിൽ കൈയേറ്റം നടന്നിരിക്കുന്നത്. കൈനകരി വില്ലേജ് പരിധിയിൽ ദിനംതോറും പുതിയ കൈയേറ്റങ്ങളും നിർമിതികളും ഉണ്ടായിട്ടും വില്ലേജ് ഓഫിസറോ പൊതുമരാമത്ത്, ഇറിഗേഷൻ ഉദ്യോഗസ്ഥരോ ഇതിനെതിരേ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
സ്റ്റോപ്പ് മെമ്മോ
അനധികൃത കൈയേറ്റങ്ങൾക്കെതിരേ പ്രാഥമിക നടപടി സ്വീകരിക്കേണ്ടത് അതത് വില്ലേജ് ഓഫിസർമാരാണ്. കക്ഷികൾക്ക് ഒരു നിരോധന ഉത്തരവ് (സ്റ്റോപ്പ് മെമ്മോ) നല്കി തങ്ങളുടെ ഉത്തരവാദിത്വം തീർന്നു എന്നു കരുതുന്നവരാണ് പല ഉദ്യോഗസ്ഥരും. പോലീസിന്റെ സഹായത്തോടെ വില്ലേജ് ഓഫീസർ അനധികൃത കൈയേറ്റവും നിർമിതിയും ഒഴിപ്പിച്ചിരുന്നെങ്കിൽ ഇത്ര വ്യാപകമായി കൈയേറ്റങ്ങൾ ഉണ്ടാകുമായിരുന്നില്ല എന്നതാണു വസ്തുത.
ഇറിഗേഷൻ വകുപ്പും സർവേ വകുപ്പും ചേർന്ന് സർവേ നടത്തി അതിർത്തി നിർണയിച്ചിരുന്ന ഒന്നാംകര മുതൽ പള്ളാത്തുരുത്തി വരെയുള്ള നിർദിഷ്ട എസി കനാലിന്റെ വശങ്ങളിൽ റോഡും കനാലും കൈയേറി കഴിഞ്ഞ ആറു മാസത്തിനകം നൂറുകണക്കിന് കച്ചവടസ്ഥാപനങ്ങളാണ് സ്ഥാപിക്കപ്പെട്ടിരിക്കുന്നത്.
താലൂക്ക്തല കരുതലും കൈത്താങ്ങും പരിപാടിയിൽ ഇപ്രകാരം അനധികൃതമായി നിർമിച്ച വ്യാപാര സ്ഥാപനങ്ങൾക്ക് വൈദ്യുതി കണക്ഷൻ ലഭൃമാക്കണം എന്ന് അപേക്ഷകൾ സമർപ്പിക്കപ്പെട്ടെങ്കിലും അവയെല്ലാം നിയമവിരുദ്ധമാകയാൽ നിരസിക്കപ്പെട്ടിരുന്നു.
ഒത്താശയോടെ
രാഷ്ട്രീയ ഒത്താശയോടെ മറ്റു പ്രദേശങ്ങളിൽനിന്ന് എത്തിയാണ് ഈ കൈയേറ്റങ്ങളിൽ പലതും നടത്തുന്നത് എന്നാണ് നാട്ടുകാരുടെ പരാതി. എസി റോഡ് പുനരുദ്ധാരണത്തിനു മുൻപ് ഈ റോഡ് വക്കിലെ വഴിയോരക്കച്ചവടക്കാരുടെ കണക്കെടുത്തിരുന്നു. എന്നാൽ ഇപ്പോൾ കിടങ്ങറ മുതൽ പള്ളാത്തുരുത്തി വരെ അന്നുണ്ടായിരുന്നതിന്റെ പതിൻമടങ്ങ് കൈയേറ്റങ്ങളാണുള്ളത്. ഭാവിയിൽ ഇത് കനാൽ പുനരുദ്ധാരണ സമയത്ത് സർക്കാരിന് വലിയ പ്രശ്നങ്ങൾക്ക് കാരമാകും.
കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും അനധികൃത കച്ചവട സ്ഥാപനങ്ങൾ അസൗകര്യം സൃഷ്ടിക്കുന്നതോടൊപ്പം ഇവയുടെ സമീപത്ത് അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതു മൂലം അപകടങ്ങൾക്കും കാരണമാകുന്നു. പല സ്ഥലത്തും നടപ്പാത കൈയേറിയാണ് കച്ചവട സ്ഥാപനങ്ങളുടെ ചില ഭാഗങ്ങൾ സ്ഥിതി ചെയ്യുന്നത്. അശാസ്ത്രീയ നിർമിതി മൂലം ഗതാഗതസൗകര്യം കുറഞ്ഞുപോയ എസി റോഡിൽ വാഹനങ്ങളുടെ പാർക്കിംഗ് വളരെ അപകടം പിടിച്ചതായി മാറിയിരിക്കുന്നു.
പൊതു ആവശ്യം
മഴ പെയ്താൽ റോഡിന്റെ ഇരുവശവും ഉയർന്നു നില്ക്കുന്നതിനാൽ വെള്ളം ഒഴുകി മാറാൻ സമയമെടുക്കും. ലൈസൻസ് എടുത്ത് കച്ചവടം നടത്തുന്ന സ്ഥാപനങ്ങൾക്ക് വലിയ വെല്ലുവിളി ഉയർത്തുന്ന അനധികൃത സ്ഥാപനങ്ങളെ നിയന്ത്രിക്കേണ്ടതും അനധികൃത കൈയേറ്റങ്ങൾ ഒഴുപ്പിക്കേണ്ടതും പൊതു ആവശ്യമാണ്. ചില സ്ഥാപനങ്ങളുടെ മറവിൽ അനധികൃത മദ്യവില്പനയും മയക്കുമരുന്ന് വില്പനയും നടക്കുന്നു എന്ന ആക്ഷേപവുമുണ്ട്.
റവന്യു, ഇറിഗേഷൻ, പൊതുമരാമത്ത് വകുപ്പുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ എസി കനാൽ പുനരുദ്ധരിക്കുമ്പോൾ വലിയ പ്രതിസന്ധി നേരിടേണ്ടി വരും എന്നതു കൂടാതെ സമൂഹത്തിന്റെ സുസ്ഥിതിക്ക് വിഘാതമായ പല കാര്യങ്ങളും ഇവിടെ സംഭവിക്കുകയും ചെയ്യാം. ബന്ധപ്പെട്ട വകുപ്പുകളുടെ അടിയന്തര ഇടപെടൽ അനധികൃത കൈയേറ്റങ്ങളും നിർമിതികളും ഒഴിപ്പിക്കാൻ ഉണ്ടാവേണ്ടിയിരിക്കുന്നു.