അർജുന് വധു, കടൽകടന്നെത്തിയ എമ്മ
1507818
Thursday, January 23, 2025 11:53 PM IST
ആലപ്പുഴ: ഫ്രഞ്ച് യുവതിയും മലയാളി യുവാവും കുട്ടനാട്ടില്‍ വിവാഹിതരായി. മൂവാറ്റുപുഴക്കാരനായ അര്‍ജുന്റെയും ഫ്രഞ്ച് യുവതി എമ്മയുടെയും വിവാഹമാണ് ഇന്നലെ മങ്കൊമ്പില്‍ നടന്നത്. ചടങ്ങുകള്‍ക്ക് എമ്മയുടെ ഫ്രഞ്ചുകാരായ സുഹൃത്തുക്കളും ബന്ധുക്കളും അര്‍ജുന്റെ കുടുംബാംഗങ്ങളും കുട്ടനാട്ടുകാരും സാക്ഷികളായി.
മങ്കൊമ്പ് ആനന്ദ്ധാം കാക്കളംകാവ് ആശ്രമത്തില്‍ നടന്ന ചടങ്ങില്‍ ആശ്രമത്തിന്റെ മുഖ്യ ചുമതലക്കാരന് ആനന്ദ് അഘോരി മഹാരാജ് മുഖ്യകാര്‍മികത്വം വഹിച്ചു. 12 വര്‍ഷം മുന്‍പ് വൃക്കരോഗ ചികിത്സയ്ക്കായി എത്തിയ എമ്മയുടെ അമ്മ എനിക് ആണ് ആനന്ദ് അഘോരി മഹാരാജിനെ പരിചയപ്പെട്ടത്. പിന്നീട് മക്കളായ അര്‍നോഡ്, എമ്മ എന്നിവരെയും ആശ്രമത്തില്‍ കൊണ്ടുവന്ന് സ്വാമിയുടെ ശിഷ്യരാക്കി.
ഫ്രാന്‍സില്‍ ആയുര്‍വേദ, യോഗ ചികിത്സാകേന്ദ്രം നടത്തുകയാണു ബിബിഎ പഠനം പൂര്‍ത്തിയാക്കിയ എമ്മ. വര്‍ഷത്തില്‍ രണ്ടോ മൂന്നോ മാസം ആശ്രമത്തില്‍ താമസിച്ചായിരുന്നു എമ്മയുടെ പഠനം. ഈ സമയത്തു ബന്ധുവായ പെണ്‍കുട്ടിയുടെ ചികിത്സയുടെ ഭാഗമായാണ് അര്ജുന് ആശ്രമത്തില്‍ എത്തിയത്. എമ്മയെ കണ്ട് ഇഷ്ടപ്പെട്ടു. പ്രണയം തുറന്നു പറഞ്ഞു. എന്‍ജിനിയറിംഗ് ബിരുദധാരിയാണ് അര്ജുന്. മൂന്നു ദിവസം നീണ്ട വിവാഹച്ചടങ്ങുകള്‍ ഇന്നലെ സമാപിച്ചു. വിവാഹശേഷം മുതിര്‍ന്നവരെ ആദരിക്കുന്ന ചടങ്ങും നടത്തി. അടുത്തദിവസം മൂവാറ്റുപുഴയിലും തുടര്‍ന്ന് ഫ്രാന്‍സിലും വിവാഹ സത്കാരം ഒരുക്കും.