പൂച്ചാക്കൽ സബ്ട്രഷറിക്ക് സ്ഥലവും കെട്ടിടവുമില്ല
1497582
Wednesday, January 22, 2025 11:46 PM IST
പൂച്ചാക്കൽ: സബ്ട്രഷിക്ക് സ്വന്തമായി സ്ഥലവും പുതിയ കെട്ടിടവും നൽകുമെന്നു പറഞ്ഞത് ജലരേഖയാകുന്നു. പെൻഷൻകാരുടെ പ്രതിഷേധം ശക്തമാകുന്നു. പൂച്ചാക്കൽ സബ്ട്രഷറിക്ക് സ്വന്തമായി സ്ഥലവും കെട്ടിടവും നൽകുമെന്ന ദലീമ ജോജോ എംഎൽഎയുടെ വാക്കാണ് ജലരേഖയാകുന്നത്.
പൂച്ചാക്കൽ പോലീസ് സ്റ്റേഷന് വടക്ക് സർക്കാർ പുറമ്പോക്ക് സ്ഥലം ഏഴു സെന്റ് സബ്ട്രഷറി കെട്ടിട നിർമാണത്തിനായി നിശ്ചയിച്ചിരുന്നു. മാസങ്ങൾക്കു മുമ്പ് ട്രഷറി, പൊതുമരാമത്ത്, എംഎൽഎ എന്നിവരുടെ നേതൃത്വത്തിൽ റവന്യു വകുപ്പ് അധികൃതരെത്തിയാണ് നടപടികൾ ആരംഭിച്ചത്. കെട്ടിട നിർമാണത്തിന് ഒരു കോടി രൂപ അനുവദിക്കുന്നതിനും ധനവകുപ്പിൽ ധാരണയായിരുന്നു. എല്ലാ സൗകര്യങ്ങളോടുംകൂടിയ ഇരുനില കെട്ടിടമാണ് വിഭാവനം ചെയ്തത്. വയോധികർക്കും ഭിന്നശേഷിക്കാർക്കും സൗകര്യപ്രദമായ രീതിയിൽ ഇടപാടുകളെല്ലാം താഴത്തെ നിലയിലും മുകൾനിലയിൽ രേഖകൾ സൂക്ഷിക്കലിനും വിശ്രമകേന്ദ്രവുമായാണ് ആസൂത്രണം ചെയ്തത്.
സ്ഥലം നിശ്ചയിച്ചെങ്കിലും അതിർത്തി നിർണയം ഉൾപ്പെടെ കെട്ടിടനിർമാണ നടപടികളിലേക്കു കടക്കാൻ അധികൃതർക്കായിട്ടില്ല. സ്ഥലത്തിന്റെ രേഖകൾ മുഴുവനായും അധികൃതരുടെ പക്കലില്ലെന്നാണു വിവരം. കൈയേറ്റങ്ങളുണ്ടോ എന്നതും പരിശോധിക്കുന്നുണ്ട്.
നിലവിൽ പൂച്ചാക്കൽ പഴയ പാലത്തിനു സമീപം സ്വകാര്യ കെട്ടിടത്തിന്റെ മുകൾ നിലയിൽ വാടകമുറിയിലാണ് ട്രഷറി പ്രവർത്തിക്കുന്നത്. പ്രായമായ പെൻഷൻകാർക്ക് മുകളിലേക്കു കയറുന്നത് ബുദ്ധിമുട്ടായതിനെത്തുടർന്നാണ് പുതിയ സ്ഥലവും കെട്ടിടവും വേണമെന്ന ആവശ്യമുയർന്നത്. 20 വർഷത്തേളമായി ഇവിടെയാണ് ട്രഷറി പ്രവർത്തിക്കുന്നത്.1200ൽപരം പെൻഷൻകാരാണ് പൂച്ചാക്കൽ സബ്ട്രഷറി പരിധിയിലുള്ളത്. അരൂക്കുറ്റി,പെരുമ്പളം, പാണാവള്ളി,തൈക്കാട്ടുശേരി, പള്ളിപ്പുറം എന്നീ പഞ്ചായത്തുകൾ, തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത്, വിവിധ സർക്കാർ ഓഫീസുകൾ,ആശുപത്രികൾ, സർക്കാർ,എയ്ഡഡ് സ്കൂളുകൾ തുടങ്ങിയവയാണ് പൂച്ചാക്കൽ സബ്രഷറിയെ ആശ്രയിക്കുന്നത്.മാസാദ്യ ദിവസങ്ങളിൽ വലിയ തിരക്കാണ് ട്രഷറിയിൽ ഉണ്ടാകുന്നത്.