ആയുര്‍വേദ ആശുപത്രിയില്‍ തീപിടിത്തം
1497577
Wednesday, January 22, 2025 11:46 PM IST
മാവേലിക്കര: ആയുര്‍വേദ ആശുപത്രിക്ക് തീപിടിച്ചത് ഭീതി പരത്തി. ആളപായമില്ല. ചെട്ടികുളങ്ങര കമ്പനിപ്പടി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന മധുരാപുരി ആയുര്‍വേദ ആശുപത്രിക്കാണ് തീപിടിച്ചത്. ഇന്നലെ രാത്രി 11.30ഓടെ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരാണ് കെട്ടിടത്തില്‍നിന്നു പുക ഉയരുന്നത് കണ്ടത്. 12.30ഓടെ അഗ്നിശമനസേനാ സംഘം എത്തിയെങ്കിലും കെട്ടിടത്തില്‍ വലിയ രീതിയില്‍ തീ ആളിപ്പടര്ന്നിരുന്നതിനാല് കായംകുളം, ചെങ്ങന്നൂര്‍ നിലയങ്ങളില്‍നിന്നുള്ള വാഹനങ്ങളും എത്തിച്ചാണ് തീ അണച്ചത്.
ഫയര്‍ഫോഴ്സിന്റെ 5 യൂണിറ്റുകള്‍ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. മാവേലിക്കര, കായംകുളം നിലയത്തില്‍ നിന്നുള്ള രണ്ട് യൂണിറ്റുകളും ചെങ്ങന്നൂര്‍ നിലയത്തില്‍നിന്നുള്ള ഒരു യൂണിറ്റും 2 മണിക്കൂറോളം പ്രവര്‍ത്തിച്ച് മൂന്നു മണിയോടെ തീ നിശേഷം അണച്ചു.
തട്ടാരമ്പലം സ്വദേശി ധനഞ്ജയന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് 60 വര്‍ഷത്തെ പഴക്കമുണ്ട്. കൊല്ലം സ്വദേശി മനു ശങ്കര്‍ ആണ് മധുരാപുരി എന്ന പേരില്‍ രണ്ടു വര്‍ഷമായി ആയുര്‍വേദ സ്ഥാപനം നടത്തുന്നത്. 3000 സ്ക്വയര്‍ ഫീറ്റ് വരുന്ന ഓടുമേഞ്ഞ തടിക്കൊണ്ടുള്ള അറപ്പുരയോടുകൂടിയതും തടിയുടെ സീലിംഗുമുള്ള കെട്ടിടത്തിന്റെ മുക്കാല്‍ ഭാഗത്തോളം പൂര്‍ണമായും കത്തിനശിച്ചു.
എണ്ണത്തോണി, ഫര്‍ണിച്ചറുകള്‍, മരുന്നുകള്‍, കമ്പ്യൂട്ടര്‍ അടക്കമുള്ള ഇലക്ട്രോണിക്് ഉപകരണങ്ങള്‍ എന്നിവ കത്തിനശിച്ചു. ആശുപത്രിയുടെ ചുമതലക്കാരിയും സിനിമ ഡയറക്ടറുമായ മായയുടെ ഷൂട്ട് ചെയ്ത സിനിമയുടെ ഹാര്‍ഡ് ഡിസ്കും റെഡ് എപിക് കാമറയും അനുബന്ധ സാധനങ്ങളും കത്തിനശിച്ചതായും പറയുന്നു.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. പോലീസ്, കെഎസ്ഇബി സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഏതെങ്കിലും തരത്തിലുള്ള അട്ടിമറി ശ്രമങ്ങള്‍ നടന്നിട്ടുണ്ടോ എന്നു പരിശോധിക്കുമെന്ന് മാവേലിക്കര പോലീസ് അറിയിച്ചു.