ശരീരം തളർന്ന വീട്ടമ്മ കനിവ് തേടുന്നു
1507809
Thursday, January 23, 2025 11:53 PM IST
അന്പലപ്പുഴ: പക്ഷാഘാതം ബാധിച്ച് ശരീരം തളർന്നു കിടപ്പിലായ വീട്ടമ്മ കാരുണ്യമതികളുടെ കനിവ് തേടുന്നു. പുന്നപ്ര വടക്ക് പഞ്ചായത്ത് 14-ാം വാർഡ് പറവൂർ നളിനി നിവാസിൽ വാടകയ്ക്കു താമസിക്കുന്ന രാധാകൃഷ്ണന്റെ ഭാര്യ രാധമ്മ(46)യാണ് വലതു വശം തളർന്നു കിടപ്പിലായത്. ഒരുമാസം മുൻപാണ് ഇവർക്ക് പക്ഷാഘാതം ബാധിച്ചത്. തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പുറത്തുനിന്ന് മരുന്നുകൾ വാങ്ങുന്നതുൾപ്പെടെ 20,000 രൂപയിലധികം ചെലവായി. ഇപ്പോൾ ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയെങ്കിലും ഫിസിയോ തെറാപ്പി ചെയ്യണം. ഹോട്ടൽ ജീവനക്കാരനായ ഭർത്താവ് രാധാകൃഷ്ണനെ ഭാര്യ കിടപ്പിലായതോടെ ജോലിക്കു പോകാനും കഴിയാത്ത അവസ്ഥയായി. എട്ടു വർഷമായി ഇവിടെ വാടകയ്ക്ക് കഴിയുകയാണ്. മക്കളില്ലാത്ത ഇവർക്ക് മറ്റ് വരുമാനങ്ങളൊന്നുമില്ല. സുഹൃത്തുക്കളുടെയും അയൽവാസികളുടെയും കരുണ കൊണ്ടാണ് ഇപ്പോൾ കഴിയുന്നത്.
കഴിഞ്ഞ ഏതാനും മാസമായി വീട്ട് വാടകയും കുടിശികയാണ്. മരുന്നിനും വീട്ടിലെ മറ്റു ചെലവുകൾക്കുമായി യാതൊരു മാർഗവുമില്ലാതെ ദുരിതത്തിലായിരിക്കുകയാണ് ഈ കുടുംബം. ഇവരെ സഹായിക്കാൻ സൻമനസുള്ളവർ കാനറാ ബാങ്ക് പറവൂർ ശാഖയിൽ രാധാകൃഷ്ണന്റെ പേരിലുള്ള 6019101003725 എന്ന അക്കൗണ്ടിൽ സഹായം നൽകുക. ഐഎഫ്എസ്സി കോഡ് സിഎൻആർബി: 0006019. ഫോൺ-9526573972.