റെയില്‍വേ സ്റ്റേഷനിലെത്തുന്നവർ ജാഗ്രതൈ... കടിക്കാൻ തെരുവുനായ കാത്തിരിക്കുന്നു
1507806
Thursday, January 23, 2025 11:53 PM IST
ആലപ്പുഴ: ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലേക്കു പോകുന്നവരുടെ ശ്രദ്ധയ്ക്ക്: ചിലപ്പോള്‍ യാത്ര ലക്ഷ്യത്തില്‍ എത്തണമെന്നില്ല. ജനറല്‍ ആശുപത്രിയിലോ മെഡിക്കല്‍ കോളജിലോ അതവസാനിച്ചേക്കാം. പേവിഷ പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടുവേണം പിന്നെ യാത്ര തുടരാന്‍. സ്റ്റേഷന് പ്ലാറ്റ്ഫോമില്‍ ആര്‍ക്കും ഏതു നിമിഷവും പട്ടിയുടെ കടിയേല്‍ക്കാം എന്നാണവസ്ഥ. ഇങ്ങനെ യാത്ര അവസാനിപ്പിക്കേണ്ടിവന്ന ഏറെപ്പേരുണ്ട്. അവസാനത്തെയാളാണ് കഴിഞ്ഞ ഞായറാഴ്ച കടിയേറ്റ അര്‍ഷാദ്. ആറുമാസത്തിനിടെ ഇവിടെ 30-ലേറേപ്പേര്ക്കാണ് നായ്ക്കളുടെ കടിയേറ്റത്.
ഇവരില്‍ മാരകമായി പരിക്കേറ്റവരുമുണ്ട്. യാത്രക്കാര്‍ക്ക് ഒരു സുരക്ഷയും ഇവിടില്ല. നായ കടിച്ചുകീറിയാല്‍ പരാതി നല്‍കാമെങ്കിലും പ്രയോജനമൊന്നുമില്ല. ഇക്കാര്യത്തില്‍ ഒരുത്തരവാദിത്വവും തങ്ങള്‍ക്കില്ല എന്ന മട്ടിലാണ് റെയില്‍വേയുടെ പെരുമാറ്റം. നഗരപാതകളിലും പൊതുസ്ഥലങ്ങളിലും കടിയേറ്റാല്‍ നഗരസഭയ്ക്കാണ് ഉത്തരവാദിത്വം. എന്നാല്‍, സ്വന്തം സ്ഥലമായ പ്ലാറ്റ്ഫോമിലെ നായ്ക്കളെ തുരത്താന്‍ റെയില്‍വേക്ക് ഉത്തരവാദിത്വമില്ലേ എന്നാണ് യാത്രക്കാരുടെ ചോദ്യം.
പ്ലാറ്റ്ഫോമിലും വിശ്രമമുറികളിലും ടിക്കറ്റ് കൗണ്ടറിലുമടക്കം നായ്ക്കളുടെ കൂട്ടമാണ്. കാത്തിരിക്കുമ്പോള്‍ ബെഞ്ചിനടിയിലൂടെ വന്ന് കാലിലാണ് കടി. നടപടിയെടുക്കേണ്ടത് നഗരസഭയാണെന്നാണ് റെയില്‍വേയുടെ നിലപാട്. എന്നാല്‍, സ്റ്റേഷന് പരിസരത്തുള്ള എല്ലാ നായ്ക്കള്‍ക്കും വാക്സിന് എടുത്തുവെന്നു പറഞ്ഞ് നഗരസഭ കൈകഴുകുന്നു.
ചില യാത്രക്കാര്‍ക്കും ഇതില്‍ പങ്കുണ്ട്. സ്നാക്സും മറ്റും കൊടുത്ത് നായപ്രേമം കാണിക്കുന്നത് അവയുടെ എണ്ണം കൂട്ടുന്നു. ജീവനക്കാര്‍ നായ്ക്കളെ ഓടിക്കാന്‍ ശ്രമിച്ചാല്‍ വഴക്കിടാനും അവര്‍ക്കു മടിയില്ല.
സ്ഥിരമായി സ്റ്റേഷനില്‍ കിടക്കുന്ന നായ്ക്കളുണ്ട്. എന്നാല്‍, വന്നുപോകുന്നവയാണ് ആളുകളെ ഉപദ്രവിക്കുന്നത്.