ഓരുവെള്ള ഭീഷണിയിൽ കർഷകർ
1507810
Thursday, January 23, 2025 11:53 PM IST
ആലപ്പുഴ: അപ്പര്‍കുട്ടനാട്ടിലെ ചില പ്രദേശങ്ങളില്‍ ഇപ്പോള്‍ ഉപ്പുസാന്ദ്രത പത്തിനു മുകളിലാണ്. ഗുരുതരമായ പ്രതിസന്ധിയാണ് മുന്നിലുള്ളതെന്ന് കര്‍ഷകര്‍ പറയുന്നു. പമ്പ, അച്ചന്‍കോവില്‍ ആറുകളില്‍നിന്നും തോട്ടപ്പള്ളി സ്പില്വേയില്നിന്നും ശേഖരിച്ച സാംപിളുകളിലാണ് ഉപ്പിന്റെ അംശം കൂടുതലായി കാണുന്നത്.
കുട്ടനാട്, അപ്പര്‍കുട്ടനാട് മേഖലകളിലെ 25,000 ഏക്കറിലെ നെല്‍ക്കൃഷി ഉപ്പുവെള്ള ഭീഷണിയില്‍. വെള്ളത്തില്‍ ഉപ്പിന്റെ സാന്ദ്രത രണ്ടു പിപിടി (പാര്‍ട്സ് പെര് ട്രില്യണ്‍) യിലെത്തിയാല്‍ നെല്‍ച്ചെടികള്‍ കരിഞ്ഞുതുടങ്ങും. എന്നാല്‍, തൃക്കുന്നപ്പുഴ ചീപ്പ് ഫലപ്രദമായി പ്രവര്ത്തിപ്പിക്കാത്തതിനാലും തോട്ടപ്പള്ളി സ്പില്‍വേ ഷട്ടറുകള്‍ കാലപ്പഴക്കത്താല്‍ ദ്രവിച്ചതും ഇടത്തോടുകളില്‍ താത്കാലിക ഓരുമുട്ടുകള്‍ സ്ഥാപിക്കാന്‍ വൈകുന്നതുമാണ് പ്രതിസന്ധിക്കു കാരണമാകുന്നത്.
തോട്ടപ്പള്ളി സ്പില്‍വേ, തൃക്കുന്നപ്പുഴ ചീപ്പ്, പുളിക്കീഴ് എന്നിവിടങ്ങളില്‍ മേജര്‍ ഇറിഗേഷന്‍ വകുപ്പും ഇടത്തോടുകളില്‍ മൈനര്‍ ഇറിഗേഷന്‍ വകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്നാണ് താത്കാലിക ബണ്ടുകള്‍ സ്ഥാപിക്കുന്നത്.
ചീപ്പ് നിര്‍മാണം
എന്നാല്‍, ഇത്തവണ മിക്കസ്ഥലങ്ങളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടലുണ്ടായിട്ടില്ല. തൃക്കുന്നപ്പുഴ ചീപ്പ് നിര്‍മാണം നടക്കുന്നതില്‍ അവിടെയും ഉപ്പുവെള്ളം തടയാനുള്ള നടപടി ഫലപ്രദമല്ല. തോട്ടപ്പള്ളി സ്പില്‍വേയുടെ ഷട്ടറുകള്‍ പലതും ദ്രവിച്ചതും ആവശ്യത്തിന് ഉയരമില്ലാത്തതുമാണ്. ഇതിനാല്‍ ഷട്ടറുകള്‍ അടച്ചാലും ഉപ്പുവെള്ളം കയറുകയാണ്. കുട്ടനാട്, അപ്പര്‍കുട്ടനാട് മേഖലകളില്‍ പുഞ്ചക്കൃഷിയുടെ വിത കഴിഞ്ഞിട്ട് 15 മുതല്‍ 95 ദിവസംവരെയായിട്ടുണ്ട്. ഏപ്രില്‍ അവസാനത്തോടെ മാത്രമേ വിളവെടുപ്പ് പൂര്‍ത്തിയാവുകയുള്ളു.
കാലാവസ്ഥാ വ്യതിയാനത്താലുണ്ടായ അമിത ചൂടില്‍ കതിരിലെ പാല് അരിയാകാതെ ചുരുങ്ങിയതിനാല്‍ കഴിഞ്ഞ സീസണില്‍ വലിയ വിളനാശമാണു നേരിട്ടത്. കര്‍ഷകരില്‍ ചിലര്‍ക്ക് കൊയ്ത്തുകൂലി കൊടുക്കാനുള്ള വരുമാനം പോലും കൃഷിയില്‍നിന്ന് കിട്ടിയില്ല. ഇത്തവണ മറ്റൊരു രീതിയില്‍ വിളനാശത്തിന് കളമൊരുങ്ങുന്നത് കര്‍ഷകരെ ഭയപ്പെടുത്തുകയാണ്.
ഓരുമുട്ടുകള്‍
കുട്ടനാട്ടിലെയും അപ്പര്‍ കുട്ടനാട്ടിലെയും നെല്‍ക്കൃഷി രൂക്ഷമായ ഉപ്പുവെള്ള ഭീഷണിയിലാണ്. കൊയ്ത്തുകഴിയുന്നതുവരെ തോട്ടപ്പള്ളിപ്പൊഴി അടയ്ക്കുകയും ഉപ്പുവെള്ളം കയറാന്‍ സാധ്യതയുള്ള തോടുകളില്‍ ഓരുമുട്ടുകൾ സ്ഥാപിക്കുകയും വേണമെന്നാണ് കര്‍ഷകസംഘങ്ങളുടെ ആവശ്യം.
നീരൊഴുക്ക് കൂട്ടുന്നതിന്റെ പേരില്‍ ആറുകളുടെ ആഴംകൂട്ടിയതിനാല്‍ ഉപ്പ് അടിഞ്ഞുകൂടാന്‍ ഇടയായി. പാടശേഖരങ്ങളിലേക്ക് വെള്ളംകയറ്റുന്നതിനുള്ള തൂമ്പുകള്‍ ആറിന്റെ അടിഭാഗത്തേക്കാണ് ഇറക്കിവയ്ക്കുന്നത്.
ഇതിനാല്‍ വെള്ളംകയറ്റുമ്പോള് ഉപ്പ് കൂടുതലായി പാടത്തെത്തും. തൂമ്പ് ആറ്റിലെ വെള്ളത്തിന്റെ ഉപരിതലത്തിലേക്ക് തുറക്കുന്നതായിരിക്കും നല്ലത്. വേലിയേറ്റ സമയത്ത് സ്പില്‍വേവഴി കടന്നുകയറുന്ന ഉപ്പുവെള്ളം വലിയ പ്രതിസന്ധിയാണുണ്ടാക്കുന്നത്.
ഓരുവെള്ള ഭീഷണി: പഞ്ചായത്തിന്
നിസംഗത
തുറവൂർ: ഓരുവെള്ളം കയറി ജനജീവിതം ദുരിതപൂർണമായിട്ടും നടപടി സ്വീകരക്കാത്ത അരൂർ പഞ്ചായത്തിന്റെ നിസംഗത അവസാനിപ്പിക്കണമെന്ന് ആവിശ്യപ്പെട്ടു ജനകീയ സമതിയുടെ നേതൃത്വത്തിൽ അരൂർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ നടത്തി.
കായലിലെ ഏക്കൽ നീക്കം ചെയ്യുക, കൽക്കെട്ട്, പുരയിടം മണ്ണിട്ട് ഉയർത്താൻ ധനസഹായം തുടങ്ങിയ ആവശ്യങ്ങളും ജനകീയ സമിതി ഉന്നയിച്ചു. കായലോര പ്രദേശത്തെ വീടുകൾ ഉപ്പുവെള്ളം കയറി ഇഷ്ടിക തെള്ളി നാശമായി. ഫലവൃക്ഷങ്ങൾ നശിച്ചു. അഴുക്കുവെള്ളം കെട്ടിക്കിടന്ന് പകർച്ചവ്യാധി രോഗങ്ങൾ പടർന്നുപിടിക്കുന്നു. വെള്ളം ഇറങ്ങി പോകാതെ ദിവസങ്ങളായി കെട്ടിനിൽക്കുകയാണ്.
കുട്ടികൾക്ക് പഠിക്കാൻ പോകാൻ പോലും കഴിയുന്നില്ല. രോഗികളും ദുരിതത്തിലായി. ശൗചാലയങ്ങളും വെള്ളത്തിനടിയിലായി. വെളുത്തുള്ളി കോളനി, ബണ്ട്, കണ്ണചാത്തൂരിത്, ആഞ്ഞിലിക്കാട്, കഴഞ്ചിക്കത്തു, കെൽട്രോൺ. അരൂർ മുക്കം കോളനി, പുത്തനങ്ങടി, കോട്ടപ്പുറം, വട്ടക്കേരി, ഇളയപാടം കുമ്പഞ്ചി, ശാന്തിഗിരി, പ്രദേശങ്ങൾ ഓരുവെള്ളത്താൽ ദുരിതം അനുഭവിക്കുകയാണ്.