താമരക്കുളത്ത് കുടിവെള്ളക്ഷാമം രൂക്ഷം
1507819
Thursday, January 23, 2025 11:53 PM IST
ചാരുംമൂട്: താമരക്കുളം പഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷമായി. നൂറനാട് പാറ്റൂർ കുടിവെള്ള പദ്ധതിയിൽനിന്നാണ് ഇവിടെ വെള്ളമെത്തുന്നത്. പഞ്ചായത്തിൻ്റെ മിക്കഭാഗങ്ങളിലും ഭാഗികമായാണ് ജലവിതരണം നടക്കുന്നത്.
വേടരപ്ലാവിലും പേരൂർക്കാരാഴ്മയിലും കുടിവെള്ളം കിട്ടിയിട്ട് ആഴ്ചകളായി. മാവേലിക്കര ജല അഥോറിറ്റി ഓഫീസിൽനിന്ന് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയെങ്കിലും തകരാർ കണ്ടെത്തി പരിഹരിക്കാൻ കഴിഞ്ഞില്ല. പഞ്ചായത്തിലെ താമരക്കുളം ടൗൺ, നാലുമുക്ക്, ചത്തിയറ, പച്ചക്കാട് ഭാഗങ്ങളിലും ജലക്ഷാമമുണ്ട്.
താമരക്കുളം, നൂറനാട്, ചുനക്കര, പാലമേൽ പഞ്ചായത്തുകളാണ് പാറ്റൂർ കുടിവെള്ള പദ്ധതിയിയുടെ പരിധിയിലുള്ളത്.
ജലജീവൻമിഷൻ പദ്ധതിയിൽ ധാരാളം കുടിവെള്ള കണക്ഷനുകൾ താമരക്കുളം പഞ്ചായത്തിൽ കൊടുത്തിട്ടുണ്ടെങ്കിലും എല്ലായിടത്തും വെള്ളം എത്തുന്നില്ല. പഞ്ചായത്തിലെ ജലവിതരണശൃംഖലയിലെ അപാകത മൂലം കുടിവെള്ളവിതരണം കാര്യക്ഷമമായി നടക്കുന്നില്ല.
ജലവിതരണശൃംഖല ശക്തിപ്പെടുത്തുന്നതിനായി ഡക്റ്റയിൽ അയൺ പൈപ്പുകൾ പച്ചക്കാട്ടെ ജലസംഭരണിയിൽനിന്ന് നെടിയാണിക്കൽ ക്ഷേത്ര ജംഗ്ഷൻ വരെയും ജലസംഭരണിയിൽനി ന്ന് ചാവടി ജംഗ്ഷൻ വരെയും ഇട്ടെങ്കിലും പ്രയോജനമില്ലാത്ത അവസ്ഥയാണ്.
40 വർഷം പഴക്കമുള്ള ജലവി തരണ പൈപ്പുകളാണ് പഞ്ചായത്തിലെ ഭൂരിഭാഗം സ്ഥലത്തുമുള്ളത്. ജലവിതരണം കാര്യക്ഷമമാക്കാൻ പഞ്ചായത്തിൽ ജല അഥോറിറ്റി ഉദ്യോഗസ്ഥർ അടിയന്തര നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. വേടരപ്ലാവിലും പേരൂർ കാരാഴ്മയിലും ജലവിതരണ വാൽവുകൾ ക്രമീകരിച്ച് ജലവിതരണം സുഗമമാക്കണം. വെള്ളമില്ലാതെ കാർഷിക വിളകൾ കരിഞ്ഞുണങ്ങുന്നതിനാൽ കർഷകർ ബുദ്ധിമുട്ടുകയാണ്.
കെഐപി കനാൽ വൃത്തിയാക്കി വെള്ളം തുറന്നുവിടാൻ നടപടിയും വേണം. 1984ലാണ് താമരക്കുളം പച്ചക്കാട്ട് രണ്ടരലക്ഷം ലീറ്റർ ശേഷിയുള്ള ജലസംഭരണി പണിതത്. ഇടയ്ക്ക് ചോർച്ചയുണ്ടായപ്പോൾ അറ്റകുറ്റപ്പണി കൾ നടത്തി. 40 വർഷം പഴക്കമുള്ള ജലസംഭരണിക്ക് ബലക്ഷയവുമുണ്ട്.