കുടിവെള്ളം പാഴാകുന്നു; നിൽപ്പുസമരം നടത്തി നാട്ടുകാര്‍
1495344
Wednesday, January 15, 2025 6:06 AM IST
അമ്പലപ്പുഴ: നാട്ടുകാര്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോള്‍ വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കം മൂലം കുടിവെള്ളം പാഴാകുന്നു. പരാതി നല്‍കിയിട്ടും ഫലമുണ്ടാകാതെ വന്നതോടെ നില്‍പ്പുസമരം സംഘടിപ്പിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചു.
അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയില്‍ കരുമാടി ജംഗ്ഷന് കിഴക്ക് പട്ടത്താനം ബസ് സ്റ്റോപ്പിനു സമീപമാണ് പ്രതിദിനം ആയിരക്കണക്കിന് ലിറ്റര്‍ കുടിവെള്ളം പാഴാകുന്നത്. ഏകദേശം നാലുമാസം മുന്‍പാണ് ഇവിടെ വാട്ടര്‍ അഥോറിറ്റിയുടെ ഉടമസ്ഥതയിലുള്ള പൈപ്പ് ലൈന്‍ പൊട്ടി കുടിവെള്ളം പാഴാകാന്‍ തുടങ്ങിയത്.
മൂന്നുമാസം മുന്‍പ് തകഴി പഞ്ചായത്ത് അധികൃതര്‍ ഇതിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വാട്ടര്‍ അഥോറിറ്റിക്ക് കത്ത് നല്കി. എന്നാല്‍, പിന്നീട് യാതൊരു നടപടിയുമുണ്ടായില്ല. കരുമാടി കളത്തില്‍പ്പാലം പ്രദേശത്തെ 400 ഓളം കുടുംബങ്ങള്‍ക്ക് ലഭിക്കേണ്ട കുടിവെള്ളമാണ് വന്‍തോതില്‍ പാഴാകുന്നത്. ദേശീയ നിലവാരത്തില്‍ കോടികള്‍ ചെലവഴിച്ചു നിര്‍മിച്ച റോഡും ഇതോടെ തകര്‍ന്നു. വാട്ടര്‍ അഥോറിറ്റി പൊതുമരാമത്ത് വകുപ്പിന് പണം അടച്ചാല്‍ മാത്രമേ റോഡ് പൊളിച്ച് അറ്റകുറ്റപ്പണി നടത്താന്‍ പൊതുമരാമത്ത് വകുപ്പ് അനുമതി നല്‍കുകയുള്ളൂ. എന്നാല്‍, ഇതുസംബന്ധിച്ച യാതൊരു അറിയിപ്പും തങ്ങള്‍ക്ക് ലഭിച്ചില്ലെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചതായി ഇതിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞുവെന്ന് പ്രദേശവാസികള്‍ പറയുന്നു.
വാട്ടര്‍ അഥോറിറ്റിയും പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന് മാസങ്ങളായി കുടിവെള്ളം റോഡില്‍ പാഴാകുകയാണ്. രാത്രി കാലങ്ങളില്‍ ഈ കുഴിയില്‍ വീണ് ഇരുചക്ര വാഹനക്കാര്‍ക്ക് പരിക്കേല്‍ക്കുന്നതും നിത്യ സംഭവമാണ്.
വാട്ടര്‍ അഥോറിറ്റി എടത്വ സബ് ഡിവിഷന് കീഴിലാണ് ഈ പ്രദേശം. പ്രതിദിനം ആയിരക്കണക്കിന് ലിറ്റര്‍ കുടിവെള്ളം പാഴായിട്ടും ഇതിനു പരിഹാരം കാണാത്ത അധിക്യതരുടെ നിലപാടിനെതിരെയാണ് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഇവിടെ നില്‍പ്പ് സമരം സംഘടിപ്പിച്ചത്.
പ്രദേശവാസികളായ വനിതകളടക്കമുള്ളവര്‍ ഈ പ്രതിഷേധത്തില്‍ കണ്ണികളായി. ദേശീയ മനുഷ്യാവകാശ സമിതി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. ദിലീപ് ചെറിയനാട് സമരം ഉദ്ഘാടനം ചെയ്തു. കരുമാടി മോഹനന് അധ്യക്ഷനായിരുന്നു. വിവിധ സംഘടനാ ഭാരവാഹികളായ ടി.സുരേഷ്, കെ. സോമന്, ചമ്പക്കുളം രാധാകൃഷ്ണന്, വി. ശ്യാംകുമാര്‍, ബൈജു നാറാണത്ത്, പ്രദീപ് കുമാർ.പി, എസ്. മതികുമാര്‍, വി. സുരേന്ദ്രന് ഭജനമഠം, ജയശ്രീ മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.