നെൽ കർഷകർക്ക് ഒന്നാം വിള സംഭരണത്തിന്റെ തുക ഉടൻ നൽകണം: കത്തോലിക്ക കോൺഗ്രസ്
1494709
Sunday, January 12, 2025 11:36 PM IST
ചങ്ങനാശേരി: കഴിഞ്ഞ ഒന്നാം വിള സീസണിൽ സംഭരിച്ച നെല്ലിന്റെ വിലയിൽ കർഷകർക്ക് കിട്ടാനുള്ള 290.99 കോടി രൂപ ഉടൻ നൽകുവാൻ സിവിൽ സപ്ലൈസ് തയാറാകണമെന്ന് കത്തോലിക്ക കോൺഗ്രസ് ചങ്ങനാശേരി അതിരൂപത സമിതി ആവശ്യപ്പെട്ടു. ഫെബ്രുവരി 15 ന് കത്തോലിക്ക കോൺഗ്രസ് സംഘടിപ്പിക്കുന്ന കർഷക രക്ഷാ നസ്രാണി മുന്നേറ്റത്തിൽ നെൽ കർഷകരുടെ ഈ പ്രശ്നം ഉന്നയിക്കുമെന്നും, സർക്കാരിന് താക്കീതായി കർഷകരക്ഷാ നസ്രാണി മുന്നേറ്റം മാറുമെന്നും കത്തോലിക്ക കോൺഗ്രസ് ഓർമിപ്പിച്ചു.
കർഷകരക്ഷാ നസ്രാണി മുന്നേറ്റത്തിന് മുന്നോടിയായി സംഘടിപ്പിച്ച നേതൃ സദസിലാണ് കത്തോലിക്ക കോൺഗ്രസ് നയം വ്യക്തമാക്കിയത്.അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ പടിഞ്ഞാറേവീട്ടിലിന്റെ അധ്യക്ഷതയിൽ ചേർന്ന നേതൃസദസ് അതിരൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ചാമക്കാല ഉദ്ഘാടനം ചെയ്തു. ബിനു ഡൊമിനിക്ക് നടുവിലേഴം, ജോസ് ജോൺ വെങ്ങാന്തറ,ജിനോ ജോസഫ് കളത്തിൽ, സി. ടി. തോമസ് , ജോർജുകുട്ടി മുക്കത്ത്, ഷിജി ജോൺസൺ, റോസിലിൻ കുരുവിള, ഗ്ലോബൽ വൈസ് പ്രസിഡന്റ് രാജേഷ് ജോൺ , ജേക്കബ് നിക്കോളാസ്, ടോമിച്ചൻ അയ്യരുകുളങ്ങര തുടങ്ങിയവർ പ്രസംഗിച്ചു.