സമുദായ നന്മ പൊതുസമൂഹത്തിന് പ്രയോജനകരമാകണം: ഗീവർഗീസ് മാർ അപ്രേം
1494960
Monday, January 13, 2025 11:52 PM IST
ആലപ്പുഴ: സഭ തീർഥാടക ആണെന്നും ഈ തീർഥാടനത്തിൽ ക്രൈസ്തവസമൂഹം ഒന്നടങ്കം കൈകോർത്ത് മുൻപോട്ടു നീങ്ങണമെന്നും വ്യത്യസ്തമായ ആരാധനാരീതികൾ പിന്തുടരുന്ന സഭാസമൂഹങ്ങൾ പൊതു സമൂഹത്തിന് ഉപകാരപ്രദമായ രീതിയിലുള്ള കർമപരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിൽ വരുത്തണമെന്നും കോട്ടയം അതിരൂപത സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം.
മുട്ടാർ സെന്റ് തോമസ് പള്ളി തിരുനാളിനോടനുബന്ധിച്ച് നടന്ന എക്യുമെനിക്കൽ സംഗമത്തിൽ പ്രസം ഗിക്കുകയായിരുന്നു അദ്ദേഹം.
വിശുദ്ധന്റെ മാധ്യസ്ഥം തേടുന്ന വിശ്വാസസമൂഹം മുറിഞ്ഞുപോയ ബന്ധങ്ങളെ കൂട്ടിച്ചേർക്കുന്നതിന് പ്രാധാന്യം കൊടുക്കണമെന്നും കാർഷിക മേഖലയിൽ നിലനിൽക്കുന്ന പ്രതിസന്ധികൾ പരിഹരിക്കുന്നതിന് അധികാരികളുടെ ശ്രദ്ധ അതിലേക്ക് വരത്തക്ക രീതിയിലുള്ള കർമപരിപാടികൾ ആസൂത്രണം ചെയ്യണമെന്നും ചങ്ങനാശേരി അതിരൂപത വികാരി ജനറൽ ഫാ. ആന്റണി എത്തയ്ക്കാട്ട് അഭിപ്രായപ്പെട്ടു
ഫെബ്രുവരി 15ന് ചങ്ങനാശേരി അതിരൂപത കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തുന്ന കർഷക രക്ഷാ നസ്രാണി മുന്നേറ്റ പരിപാടി വിജയിപ്പിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ നടത്തുമെന്ന് സമ്മേളനത്തിന് അധ്യക്ഷത വഹിച്ച വികാരി ഫാ. ജോസഫ് കട്ടപ്പുറം പറഞ്ഞു
വെളിയനാട് സെന്റ് സ്റ്റീഫൻസ് പള്ളി വികാരി ഫാ. ബിനോജ് കുര്യാക്കോസ്, വെളിയനാട് സെന്റ് സേവ്യേഴ്സ് പള്ളി വികാരി ഫാ. ജോസഫ് കുറിയന്നൂർപറമ്പിൽ, റവ. കിഷോർ പൊങ്ങനാംപാറ, മുട്ടാർ പഞ്ചായത്ത് പ്രസിഡന്റ് സുരമ്യ.കെ, കുട്ടനാട് എക്കുമെനിക്കൽ ഫോറം കൺവീനർ ജിനോ ജോസഫ്, തോമസ് ജെറോം, സാജൻ എഴുപുന്നയിൽ, ഷില്ലി അലക്സ്, ലിസമ്മ ബാബു, ആന്റപ്പൻ ചുങ്കപ്പുരയ്ക്കൽ, ബിനു ടോം എന്നിവർ പ്രസംഗിച്ചു.