കരുതലും കൈത്താങ്ങും: മാവേലിക്കര താലൂക്കിൽ 244 പരാതികൾക്കു പരിഹാരം
1495358
Wednesday, January 15, 2025 6:06 AM IST
മാവേലിക്കര: സംസ്ഥാനസര്‍ക്കാര്‍ താലൂക്കുതലത്തില്‍ സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും പരാതിപരിഹാര അദാലത്തില്‍ മാവേലിക്കര താലൂക്കില്‍ 244 പരാതികളില്‍ തീര്‍പ്പ്. ഇന്നലെ രാവിലെ 10ന് മാവേലിക്കര ബിഷപ് ഹോഡ്ജസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ആരംഭിച്ച അദാലത്തില്‍ മന്ത്രി പി. പ്രസാദ്, മന്ത്രി സജി ചെറിയാന് എന്നിവര്‍ പരാതികള്‍ കേട്ട് പരിഹാരം നിര്‍ദേശിച്ചു.
അദാലത്തിലേക്ക് നേരത്തേ ലഭിച്ച 396 അപേക്ഷകളില്‍ 315 പരാതികളാണ് പരിഗണാനര്‍ഹമായി ഉണ്ടായിരുന്നത്. മറ്റ് 71 അപേക്ഷകളില്‍ സത്വര തുടര്‍ നടപടികള്‍ക്ക് നിര്‍ദേശിച്ച് മന്ത്രിമാര്‍ വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്. അദാലത്തിലേക്ക് നേരത്തേ പരാതി നല്‍കിയവരെയെല്ലാം മന്ത്രിമാര്‍ നേരില്‍ക്കണ്ടു. 17 റേഷന്‍ കാര്‍ഡുകളും ആറ് റവന്യു രേഖകളും അദാലത്തില്‍ വിതരണം ചെയ്തു.
അദാലത്ത് ദിവസം കൗണ്ടറിലൂടെ 260 പുതിയ പരാതികള്‍ കൂടി ലഭിച്ചു. പുതിയ പരാതികള്‍ സ്വീകരിക്കാന്‍ കൗണ്ടറുകള്‍ ഒരുക്കിയിരുന്നു. അദാലത്ത് ദിവസം ലഭിച്ച അപേക്ഷകള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുകയും 15 ദിവസത്തിനകം തീര്‍പ്പ് കല്പ്പിക്കാന് ബന്ധപ്പെട്ടവര്‍ക്ക് മന്ത്രിമാര്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.
അദാലത്തുകള്‍ ജനങ്ങളെക്കൂടി ഭരണപ്രക്രിയയില്‍ പങ്കാളികളാക്കുന്ന പ്രവര്‍ത്തനം: മന്ത്രി പി. പ്രസാദ്
മാവേലിക്കര: ജനങ്ങളെക്കൂടി ഭരണപ്രക്രിയയില്‍ പങ്കാളികളാക്കുന്ന പ്രവര്‍ത്തനമാണ് അദാലത്തുകളെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. ജനാധിപത്യത്തില്‍ ജനങ്ങളാണ് യജമാനന്മാര്. ജനങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന പ്രവര്‍ത്തനമാണ് അദാലത്തുകള്‍. പരാതിക്കാരും ഉദ്യോഗസ്ഥരും മന്ത്രിമാരും ഒരുമിച്ചിരുന്ന് പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാനുള്ള കൂട്ടായ ശ്രമമാണ് അദാലത്തില്‍ നടക്കുന്നത്. മാവേലിക്കര താലൂക്ക് അദാലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
എം.എസ്. അരുണ്‍കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഉദ്ഘാടന സമ്മേളനത്തില്‍ 17 റേഷന്‍ കാര്‍ഡുകളും വര്‍ഷങ്ങളായി കരം അടയ്ക്കാന്‍ കഴിയാതിരുന്നവരുടെ കരം അടവ് രസീതുകളും അവകാശ സര്‍ട്ടിഫിക്കറ്റുകളും അദാലത്തില്‍ പങ്കെടുത്ത മന്ത്രിമാരായ പി. പ്രസാദ്, സജി ചെറിയാന് എന്നിവരുടെ നേതൃത്വത്തില്‍ വിതരണം ചെയ്തു.
ഉദ്ഘാടന സമ്മേളനത്തില്‍ ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ്, എഡിഎം ആശ സി. ഏബ്രഹാം, മാവേലിക്കര മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ.വി. ശ്രീകുമാര്‍, തഹസില്‍ദാര്‍ ടി.എസ്. ഗീതാകുമാരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ഇന്ദിര ദാസ്, രജനി എസ്, ഡെപ്യൂട്ടി കളക്ടര്‍ എച്ച്. രൂപേഷ്, ആര്‍ഡിഒ ജെ. മോബി തുടങ്ങിയവര്‍ പങ്കെടുത്തു.
വിജയമ്മയ്ക്ക് നടവഴി
മാവേലിക്കര: തൃപ്പെരുന്തുറ സ്വദേശിനി വിജയമ്മ കരുതലും കൈത്താങ്ങിന്റെ മാവേലിക്കര താലൂക്ക് അദാലത്ത് വേദിയില്‍ എത്തിയത് വീട്ടിലേക്ക് സഞ്ചാരയോജ്യമായ വഴി ലഭിക്കണം എന്ന അപേക്ഷയുമായി ആണ്.
33 വര്‍ഷമായി താമസിച്ചുപോരുന്ന വീട്ടിലേക്കുള്ള നടവഴി ചെളിവെള്ളവും ഇഴജന്തുക്കളുടെ ശല്യവും കാരണം സഞ്ചാരയോഗ്യമല്ല. കാന്‍സര്‍ രോഗബാധിതനായ ഭര്‍ത്താവിന്റെ ചികിത്സയ്ക്കും മറ്റുമുള്ള യാത്രകള്‍ക്ക് നിരന്തരം ആശ്രയിക്കുന്ന വഴിയാണ് ഇത്.
മന്ത്രി സജി ചെറിയാന് വിഷയം പരിശോധിക്കുകയും മാനുഷിക പരിഗണന നല്കി നിലവിലുള്ള 1.2 മീറ്റര്‍ നടവഴി പഞ്ചായത്ത് ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടുത്തി ഒരുമാസത്തിനകം വൃത്തിയാക്കി സഞ്ചാര യോഗ്യമാക്കി നല്‍കണം എന്നും ഉത്തരവിട്ടു.
17 കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ്
മാവേലിക്കര: താലൂക്കിലെ കരുതലും കൈത്താങ്ങും അദാലത്തില്‍ മന്ത്രി പി പ്രസാദ്, മന്ത്രി സജി ചെറിയാന് എന്നിവരുടെ നേതൃത്വത്തില്‍ 17 കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു. 16 മുന്‍ഗണനാ (പ്രയോറിറ്റി ഹൗസ്ഹോള്‍ഡ്) റേഷന്‍ കാര്‍ഡുകളും ഒരു പൊതുവിഭാഗം കാര്‍ഡുമാണ് വിതരണം ചെയ്തത്.
മുന്‍ഗണനാ കാര്‍ഡ് അനുവദിച്ച് കിട്ടിയവര്‍
ലക്ഷ്മിക്കുട്ടി- നൂറനാട്, തങ്കമ്മ-ചെട്ടികുളങ്ങര, ശാന്ത-വള്ളികുന്നം, സ്മിത- ചെട്ടികുളങ്ങര, അനില്‍കുമാര്‍- ചെട്ടികുളങ്ങര, തുളസി- തെക്കേക്കര, ലതിക ദാസന്-ഭരണിക്കാവ്, നൂര്ജഹാന്- വള്ളികുന്നം, ശരണ്യ ശശി- പുല്ലംപ്ലാവ്, പൊന്നമ്മ- വള്ളികുന്നം, സന്തോഷ്- തഴക്കര, ശിവദാസ്- കുറത്തികാട്, പേര്‍ഷ്യ ആന്റണിരാജ്- തഴക്കര, തങ്കമണി- ചെന്നിത്തല, ജയശ്രീ -പേള, ബിജു ബേബി- ചുനക്കര. പൊതു വിഭാഗം കാര്‍ഡ് അനുവദിച്ചത്: ജിജി വര്‍ഗീസ്- മാന്നാര്‍.