കുടിവെള്ളമില്ലാതെ നാട്ടുകാർ; തമ്മിൽ തർക്കിച്ച് വകുപ്പുകൾ
1494476
Saturday, January 11, 2025 11:22 PM IST
അന്പലപ്പുഴ: വേനൽ കനത്തതോടെ നാട്ടുകാർ കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോൾ വകുപ്പുകൾ തമ്മിലുള്ള തർക്കംമൂലം കുടിവെള്ളം പാഴാകുന്നു. പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ കരുമാടി ജംഗ്ഷന് കിഴക്ക് പട്ടത്താനം ബസ്സ്റ്റോപ്പിന് സമീപമാണ് പ്രതിദിനം ആയിരക്കണക്കിന് ലിറ്റർ കുടിവെള്ളം പാഴാകുന്നത്.
ഏകദേശം നാലു മാസം മുൻപാണ് ഇവിടെ വാട്ടർ അഥോറിറ്റിയുടെ ഉടമസ്ഥതയിലുള്ള പൈപ്പ്ലൈൻ പൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങിയത്. മൂന്നു മാസം മുൻപ് തകഴി പഞ്ചായത്ത് അധികൃതർ ഇതിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വാട്ടർ അഥോറിറ്റിക്ക് കത്ത് നൽകി.
എന്നാൽ, പിന്നീട് യാതൊരു നടപടിയുമുണ്ടായില്ല.
കരുമാടി കളത്തിൽപ്പാലം പ്രദേശത്തെ 400 ഓളം കുടുംബങ്ങൾക്ക് ലഭിക്കേണ്ട കുടിവെള്ളമാണ് വൻതോതിൽ പാഴാകുന്നത്. ദേശീയ നിലവാരത്തിൽ കോടികൾ ചെലവഴിച്ചു നിർമിച്ച റോഡും ഇതോടെ തകർന്നു. വാട്ടർ അഥോറിറ്റി പൊതുമരാമത്ത് വകുപ്പിന് പണം അടച്ചാൽ മാത്രമേ റോഡ് പൊളിച്ച് അറ്റകുറ്റപ്പണി നടത്താൻ പൊതുമരാമത്ത് വകുപ്പ് അനുമതി നൽകുകയുള്ളൂ.
എന്നാൽ, ഇതു സംബന്ധിച്ച യാതൊരു അറിയിപ്പും തങ്ങൾക്ക് ലഭിച്ചില്ലെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചതായി പ്രദേശവാസികൾ പറയുന്നു.
വാട്ടർ അഥോറിറ്റിയും പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള തർക്കത്തെത്തുടർന്ന് മാസങ്ങളായി കുടിവെള്ളം റോഡിൽ പാഴാകുകയാണ്. രാത്രികാലങ്ങളിൽ ഈ കുഴിയിൽ വീണ് ഇരുചക്ര വാഹനയാത്രക്കാർക്ക് പരിക്കേൽക്കുന്നതും നിത്യസംഭവമാണ്. വാട്ടർ അഥോറിറ്റി എടത്വ സബ് ഡിവിഷന് കീഴിലാണ് ഈ പ്രദേശം.പ്രതിദിനം ആയിരക്കണക്കിന് ലിറ്റർ കുടിവെള്ളം പാഴായിട്ടും ഇതിന് പരിഹാരം കാണാത്ത അധികൃതരുടെ നിലപാടിനെതിരേ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഇവിടെ നിൽപ്പ് സമരം സംഘടിപ്പിക്കാനും തീരുമാനിച്ചു.