പത്തനംതിട്ട പീഡനം സിബിഐ അന്വേഷിക്കണം: കൊടിക്കുന്നില്‍ സുരേഷ്
1494704
Sunday, January 12, 2025 11:36 PM IST
ചാരുംമൂട്: പത്തനംതിട്ടയില്‍ കായികതാരമായ ദളിത് പെണ്‍കുട്ടിക്ക് അഞ്ചു വര്‍ഷത്തിനിട 62 പേരില്‍നിന്നു പീഡനം ഏറ്റതായുള്ള വാര്‍ത്ത അതീവ ഗൗരവമുള്ളതും ഖേദകരമെന്നും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി. പീഡന വിവരം പുറത്തുവന്ന് ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും ഇതുവരെയും മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.
ഇത് കുറ്റവാളികള്‍ക്ക് രക്ഷപെടാന്‍ ആവശ്യമായ സമയം നല്കി അവസരം ഒരുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. അഞ്ചുവര്‍ഷത്തിനിടെ ഒരിക്കല്‍പോലും പീഡന വിവരം പുറത്തുവന്നില്ല എന്നുള്ളത് കേസിന്റെ സങ്കീര്‍ണത കൂട്ടുന്നു. സര്‍ക്കാര്‍ അതിജീവിതക്കും കുടുംബത്തിനും ആവശ്യമായ സുരക്ഷ ഏര്‍പ്പെടുത്തണമെന്നും കുടുംബത്തെ സംരക്ഷിക്കണമെന്നും കൊടിക്കുന്നില്‍ ആവശ്യപ്പെട്ടു.
കുറ്റക്കാരായ മുഴുവന്‍ പ്രതികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിന് ശാസ്ത്രീയ തെളിവു ശേഖരണം അടക്കം അന്വേഷണത്തില്‍ അനിവാര്യമാണ്. കേസ് അടിയന്തരമായി കേന്ദ്ര ഏന്‍സിയായ സിബിഐയെ ഏല്‍പ്പിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി ആവശ്യപ്പെട്ടു.