വോട്ടിനും സീറ്റിനും വേണ്ടി കോൺഗ്രസും ലീഗും വർഗീയതയെ കൂട്ടുപിടിക്കുന്നു: മുഖ്യമന്ത്രി
1494702
Sunday, January 12, 2025 11:36 PM IST
ഹരിപ്പാട്: കുറച്ചു വോട്ടിനും സീറ്റിനുംവേണ്ടി വര്‍ഗീയതയെ കൂട്ടുപിടിക്കുന്ന നിലപാടാണ് കോണ്‍ഗ്രസും മുസ്ലിംലീഗും സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഹരിപ്പാട് മണ്ണാറശാല മൈതാനത്തെ സീതാറാം യെച്ചൂരി നഗറില്‍ സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിന് സമാപനം കുറിച്ചു നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുമ്പ് നേമത്തും ഇപ്പോള്‍ തൃശൂരും ബിജെപി വിജയിച്ചത് കോണ്‍ഗ്രസുമായുള്ള ഡീലിന്റെ ഭാഗമായാണ്.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു ലഭിച്ച 86,000 വോട്ട് ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാണാനില്ല. അതെവിടെ പോയി തൃശൂരില്‍ എല്‍ഡിഎഫ് പരാജയപ്പെട്ടെങ്കിലും 16,000 വോട്ട് ഇത്തവണ കൂടുതല്‍ നേടി. തൃശൂരില്‍ കോണ്‍ഗ്രസാണ് ബിജെപിയെ വിജയിപ്പിച്ചത്. ലീഗിന്റെ കാര്യങ്ങള്‍ ഇപ്പോള്‍ തീരുമാനിക്കുന്നത് ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിയുമാണെന്ന അവസ്ഥയില്‍ കാര്യങ്ങള്‍ എത്തി നില്‍ക്കുകയാണ്.
നമ്മുടെ രാജ്യത്തെ സംഘപരിവാറിന്റെ വര്‍ഗീയത ശക്തമായി എതിര്‍ക്കാതെ അവരുമായി സമരസപ്പെട്ടതുകൊണ്ടാണ് കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങള്‍ ഇന്ന് ബിജെപിയുടെ ശക്തികേന്ദ്രങ്ങളായി മാറിയത്. ഒരുപാട് ദുരനുഭവങ്ങള്‍ നമുക്ക് മുമ്പിലുണ്ട്. ഇന്ന് ബിജെപിയുടെ ശക്തികേന്ദ്രങ്ങളെല്ലാം മുമ്പ് കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങള്‍ ആയിരുന്നു. വര്‍ഗീയതയെ വേണ്ട രീതിയില്‍ എതിര്ക്കാത്തതുകൊണ്ടാണ് ഇതു സംഭവിച്ചത്. മുസ്ലീംലീഗ് താത്കാലിക ലാഭത്തിനുവേണ്ടി വര്‍ഗീയതയെ കൂട്ടുപിടിച്ചാല്‍ അത് ആത്മഹത്യാപരമായിരിക്കുമെന്നും ലീഗ് തകരുമെന്നും പിണറായി പറഞ്ഞു.
ജില്ലാ സെക്രട്ടറി ആര്. നാസര്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്,കേന്ദ്ര കമ്മിറ്റി അംഗം എം. എ. ബേബി, മന്ത്രി സജി ചെറിയാന്, സി.എസ്. സുജാത, സിബി ചന്ദ്രബാബു, എം. സത്യബാലന്, സി. പ്രസാദ് ടി. കെ. ദേവകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.