വരട്ടാറിലെ അനധികൃത മണലൂറ്റ്: പ്രതിഷേധം ശക്തം
1494479
Saturday, January 11, 2025 11:23 PM IST
ചെങ്ങന്നൂർ: വരട്ടാർ പുനരുജ്ജീവന പദ്ധതിയുടെ മറവിൽ നടക്കുന്ന അനധികൃത മണലൂറ്റിനെതിരേ പ്രദേശവാസികൾ രംഗത്ത്. തിരുവൻവണ്ടൂർ, കുറ്റൂർ പഞ്ചായത്തുകളിലെ വരട്ടാറിലെ ആനയാര്‍ ഭാഗത്ത് നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനം തീരദേശത്തെ വൻ ഭീഷണിയിലാക്കുന്നതായി പ്രദേശവാസികൾ പറഞ്ഞു.
പ്രദേശവാസികളുടെ പരാതിയെക്കുറിച്ച് അന്വേഷിക്കാൻ കൊല്ലം ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ ബിനു ബേബിയുടെ നേതൃത്വത്തിൽ ഉദ്യോസ്ഥ സംഘം സ്ഥലം സന്ദർശിച്ചു. വരട്ടാര്‍ പുനരുജ്ജീവനത്തിന്റെ പ്രവൃത്തികള്‍ മേജര്‍ ഇറിഗേഷന്‍ ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തിലായിരിക്കുമെന്നും അനധികൃതമായി മണലെടുക്കുന്നില്ലെന്ന് ഉറപ്പു വരുത്തുമെന്നും എൻജിനിയർ ബിനു ബേബി പറഞ്ഞു.
തീരത്തോട് ചേര്‍ന്നു നില്ക്കുന്ന വീടുകളുടെ കണക്കെടുക്കും. അവയ്ക്ക് സംരക്ഷണ ഭിത്തി കെട്ടി മാത്രമേ നദിയുടെ ആഴം കൂട്ടൂവെന്നും അദ്ദേഹം പറഞ്ഞു. ദുര്‍ബലമായ മണ്‍തിട്ടകള്‍ ബലപ്പെടുത്തുന്നതും പരിഗണിക്കും. നദിയുടെ വീതി കൂട്ടാനായി, നികുതി അടച്ചു കൊണ്ടിരിക്കുന്ന ഭൂമിയില്‍ ഇറിഗേഷന്‍ വകുപ്പ് കല്ലിട്ടെന്ന പരാതിയും അന്വേഷിക്കും.
അത്തരം ഭൂമി ഒരു കാരണവശാലും നദിക്കു വേണ്ടി ഏറ്റെടുക്കില്ല. ഓരോ പ്രദേശത്തും എത്ര മാത്രം ആഴത്തിലാണ് കുഴിക്കുന്നതെന്ന് പ്രദേശവാസികളെയും വാര്‍ഡു മെമ്പര്‍മാരെയും ബോധ്യപ്പെടുത്തും. നീക്കം ചെയ്യുന്ന മേല്‍മണ്ണ് സ്ഥലത്തുതന്നെ ജിയോളജി പാസുപയോഗിച്ച് വില്‍ക്കും. മണല്‍ യാര്‍ഡില്‍ എത്തിച്ച് ഔദ്യോഗിക സംവിധാനത്തിലൂടെ മാത്രമേ വില്‍ക്കൂ.
മേജര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയര്‍ ജോസ്, ഓവര്‍സിയര്‍ പ്രവീണ്‍ എന്നിവരുള്‍പ്പെട്ട ഔദ്യോഗിക സംഘവുമായി ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാനും കുറ്റൂര്‍ പഞ്ചായത്തംഗവുമായ സാബു കുറ്റിയില്‍, ജനറല്‍ കണ്‍വീനര്‍ എം.എ. ഹരികുമാര്‍, പഞ്ചായത്തംഗം ശ്രീവല്ലഭന്നായര്, എസ്.ഡി. വേണുകുമാര്‍, ജോണ്‍ പി. ചാക്കോ, രാജു കൊടിയത്ത്, ശ്രീധരന് അമ്പാട്ടില്‍ തുടങ്ങിയവര്‍ ഉദ്യോഗസ്ഥരരോട് വിഷയങ്ങൾ അവതരിപ്പിച്ചു.