സഹകരണ മേഖലയിൽ സർക്കാർ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നു: സി.കെ. ഷാജിമോഹൻ
1494708
Sunday, January 12, 2025 11:36 PM IST
ചേര്‍ത്തല: സാധാരണക്കാർക്ക് എളുപ്പത്തിൽ വായ്പകൾ വിതരണം ചെയ്യുകയും ലക്ഷക്കണക്കിന് ജീവനക്കാർ പണിയെടുക്കുകയും ചെയ്യുന്ന സഹകരണ മേഖലയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാൻ സർക്കാർ ദിനംതോറും പരിശ്രമിക്കുകയാണെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ അഡ്വ.സി.കെ. ഷാജിമോഹൻ. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ചേർത്തല താലൂക്ക് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സഹകരണ മേഖലയെ രാഷ്ട്രീയപരമായി ദുരുപയോഗിക്കുക എന്നുള്ളത് മാത്രമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഈ മേഖലയിൽ തൊഴിൽ ചെയ്യുന്ന ജീവനക്കാരുടെ ആനുകൂല്യങ്ങളും അവകാശങ്ങളും നൽകുന്ന കാര്യത്തിൽ സർക്കാരിന് യാതൊരുവിധ സാമ്പത്തിക നഷ്ടവും ഇല്ലാതിരുന്നിട്ടുകൂടി സർക്കാർ അലംഭാവമാണ് കാണിക്കുന്നത്. സഹകരണ സ്ഥാപനങ്ങളിൽനിന്ന് പിഴിഞ്ഞെടുക്കുക എന്ന നയമാണ് സർക്കാർ കാലാകാലങ്ങളിൽ സ്വീകരിച്ചുവരുന്നത്. സഹകരണ മേഖലയെ സംരക്ഷിക്കാൻ സഹകാരികളും ജീവനക്കാരും ഒന്നിച്ച് അണിനിരക്കേണ്ട കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അതിനായി അണിനിരക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ചേർത്തല താലൂക്ക് പ്രസിഡന്റ് പൊഴിത്തറ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെസിഇഎഫ് സംസ്ഥാന സെക്രട്ടറി ബിനു കാവുങ്കൽ മുഖ്യപ്രഭാഷണം നടത്തി. അഡ്വ.എസ്.ശരത്, കെ.സി. ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.