മുസ്ലിം ലീഗ് സെമിനാറില്‍നിന്നു ജി. സുധാകരന് പിന്‍വാങ്ങി
1494959
Monday, January 13, 2025 11:52 PM IST
അന്പപ്പുഴ: സിപിഎം ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനത്തിന് എത്താതിരുന്ന ജി. സുധാകരന് മുസ്ലിം ലീഗ് സെമിനാറില്‍നിന്നും പിന്‍വാങ്ങി. ലീഗ് ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയില്‍നിന്നാണ് സുധാകരന് ഒഴിവായത്. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ചന്ദ്രിക സംഘടിപ്പിച്ച ഒരു ചടങ്ങില്‍നിന്നും സുധാകരന് പിന്മാറിയിരുന്നു.
സുധാകരന് എത്തുമെന്ന് അറിയിച്ചെങ്കിലും പരിപാടിക്ക് മുന്‍പ് വിളിച്ചിട്ട് ഫോണ്‍ എടുത്തില്ലെന്ന് വേദിയില്‍ ലീഗ് ജില്ലാ പ്രസിഡന്റ് എ.എം. നസീര്‍ പറഞ്ഞു. സിപിഎം പോകരുതെന്ന് തിട്ടൂരം ഇറക്കിയതോ വിലക്കിയതോ ആകണമെന്നും അദ്ദേഹം പറഞ്ഞു.
അതോ സെമിനാറില്‍ ന്യൂനപക്ഷങ്ങളുടെ വിഷയം ചര്‍ച്ച ആയതുകൊണ്ടാണോ സുധാകരന് എത്താതിരുന്നതെന്നും നസീര്‍ ചോദിച്ചു. രമേശ് ചെന്നിത്തലയാണ് സെമിനാറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. സിപിഎം പ്രതിനിധിയായാണ് സുധാകരനെ ക്ഷണിച്ചിരുന്നത്.
കഴിഞ്ഞദിവസമാണ് സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം അവസാനിച്ചത്. ഉദ്ഘാടന സമ്മേളനത്തിലേക്കും പൊതുസമ്മേളനത്തിലേക്കും പാര്‍ട്ടി ജില്ലാ കമ്മിറ്റി ഔദ്യോഗികമായി ക്ഷണിച്ചിരുന്നെങ്കിലും സുധാകരന് പങ്കെടുത്തിരുന്നില്ല. അതിന് കാരണം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കാത്തതിനെക്കുറിച്ച് എന്തുപറഞ്ഞാലും വാര്‍ത്തയാവും എന്നതിനാല്‍ പ്രതികരിക്കാനില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.
അതേസമയം സുധാകരനെ പിന്തുണച്ചാണ് രമേശ് ചെന്നിത്തല സംസാരിച്ചത്. സ്വന്തം പാര്‍ട്ടിയുടെ പരിപാടിക്ക് വിളിക്കുകയില്ല. ജി. സുധാകരനെ ആര്‍ക്കും ഒതുക്കാനാവില്ല. വിലക്കിയാല്‍ പിന്മാറുന്നയാളല്ല സുധാകരന്. സെമിനാറിന് വന്നില്ലെങ്കിലും അദ്ദേഹത്തിന്റെ മനസ് ഒപ്പമുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മതേതര സംരക്ഷണത്തില്‍ ലീഗ് മുന്നിലാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ബാബരി മസ്ജിദ് തകര്‍ന്നപ്പോള്‍ ലീഗ് നിലപാട് നിര്‍ണായകമായി. ഇതിന് ലീഗിന് വലിയ വില കൊടുക്കേണ്ടി വന്നു. സാദിഖലി തങ്ങള്‍ റോമില്‍ പോയത് മതേതരത്വം ഉയര്‍ത്താനാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മുസ്ലിം ലീഗിനെ കടന്നാക്രമിച്ച് മുന്നോട്ടുപോകാന്‍ മുഖ്യമന്ത്രിക്ക് അധികം സാധിക്കില്ല. ലീഗിനെ മുഖ്യമന്ത്രി അനാവശ്യമായി ആക്രമിക്കുകയാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.