അർത്തുങ്കലിൽ ഇന്ന് ഇടവകദിനം, ബിസിസി സംഗമം, സാംസ്കാരികദിനം
1495351
Wednesday, January 15, 2025 6:06 AM IST
അർത്തുങ്കൽ തിരുനാളിനോടനുബന്ധിച്ച് ഇന്ന് സാംസ്കാരിക ദിനമായി ആചരിക്കുന്നു. തീരദേശത്തിന്റെ ചരിത്രത്തിൽ സുവർണലിപികളിൽ എഴുതപ്പെട്ട അർത്തുങ്കലിന്റെ കലാ-സാംസ്കാരിക-ബൗദ്ധിക പൈതൃകം അനുസ്മരിക്കുന്ന ദിനം കൂടിയാണിത്. മുഖ്യധാരാ ചരിത്രത്താളുകളിൽ വിസ്മരിക്കപ്പെട്ടവരും അല്ലാത്തതുമായ ഒട്ടനവധി കലാകാരന്മാരുടെയും അക്ഷരസ്നേഹികളുടെയും നാടാണ് അർത്തുങ്കൽ.
ക്രിസ്തീയ അനുഷ്ഠാന കലകളായ ദേവസ്തവിളി, പുത്തൻപാന, അണ്ണാവി പാട്ടുകൾ, പരിചമുട്ടുകളി തുടങ്ങിയ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ ആശാൻമാരെയും അണ്ണാവിമാരെയും കൊണ്ട് സമ്പന്നമായിരുന്നു ഈ ദേശം. ഇന്നും ദേവാസ്തവിളിയും പുത്തൻപാന, പരിചമുട്ടുകളി തുടങ്ങിയ കലാരൂപങ്ങൾക്ക് നേതൃത്വം നൽകുന്ന ആശാന്മാർ ഇവിടെയുണ്ട്. ചിത്രകലാകാരൻമാരും നാടകാചാര്യന്മാരും ഭാഗവതർമാരും ഈ നാടിന്റെ പുത്രൻമാരായി ജന്മം കൊണ്ടിട്ടുണ്ട്.
സാംസ്കാരികദിനം രണ്ടു ദിവസങ്ങളിലായാണ് ക്രമീകരിച്ചിരിക്കുന്നത്. ഇന്നു വൈകുന്നേരം പ്രശസ്ത സിനിമാതാരം ബൈജു എഴുപുന്ന നയിക്കുന്ന മെഗാ മ്യൂസിക്കൽ ഇവന്റ്. നാളെ വൈകുന്നേരം സ്നേഹ സമൂഹ കൂട്ടായ്മകളുടെ സംഗമം നടക്കും. വൈകുന്നേരം ഏഴിന് ആരംഭിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം പ്രശസ്ത സിനിമാതാരം അമിത് ചക്കാലയ്ക്കൽ നിർവഹിക്കും. ബസിലിക്ക റെക്ടർ റവ.ഡോ. യേശുദാസ് കാട്ടുങ്കൽത്തയ്യിൽ സ്വാഗതവും സെക്യൂർ പ്രതിനിധി വിനോദ് ജോൺ നന്ദിയും പറയും. കലാസന്ധ്യയുടെ ഭാഗമായി വർണാഭമായ വിവിധ കലാപരിപാടികളും അരങ്ങേറും.
ഇന്നു രാവിലെ 5.30നു ദിവ്യബലി. 6.45നു പ്രഭാത പ്രാര്ഥന, ദിവ്യബലി. വൈകുന്നേരം അഞ്ചിനു ജപമാല, നൊവേന, ലിറ്റനി. ആറിനു ദിവ്യബലി-ഫാ. ആന്റണി കട്ടികാട്ട്. ഏഴിനു മെഗാ മ്യൂസിക്കൽ ഇവന്റ്- ത്രില്ലർ 2025.