രാജ്യത്തെ നീതിന്യായ സംവിധാനങ്ങളെ കണ്ണുരുട്ടിക്കാണിച്ച് ആർഎസ്എസ് ഭയപ്പെടുത്തുന്നു: എം.വി. ഗോവിന്ദൻ
1494474
Saturday, January 11, 2025 11:22 PM IST
ഹരിപ്പാട്: രാജ്യത്തെ നീതിന്യായ സംവിധാനങ്ങളെ കണ്ണുരുട്ടിക്കാണിച്ച് ഭയപ്പെടുത്തുകയാണ് ആർഎസ്എസ് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സിപിഎം ജില്ലാസമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച "ജനാധിപത്യം ഇന്നലെ, ഇന്ന്, നാളെ' എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിന്റെയെല്ലാം ലക്ഷ്യം മനുസ്മൃതി അടിസ്ഥാനമാക്കിയാണ്. ചാതുർവർണ്യത്തിൽ അധിഷ്ഠിതമായ ഭരണഘടന വേണമെന്ന ആർഎസ്എസ് നിലപാട് അശ്ലീലമാണ്.
ഭൂപ്രഭുത്വത്തിന്റെ അടിവേരറുക്കാതെ ഇന്ത്യൻ ജനാധിപത്യത്തിന്റെ പരിമിതികൾക്ക് പരിഹാരം കാണാനാകില്ല. ലോകത്ത് ജനാധിപത്യ വിപ്ലവത്തിന്റെ ഭാഗമായി ഭൂപ്രഭുത്വം അവസാനിപ്പി ക്കുന്നതിന് നേതൃത്വംകൊടുത്ത ദൗത്യം ഇന്ത്യയിൽ കൗശലപൂർവം മാറ്റിവച്ചു. ഇന്ത്യയിൽ പ്രഭുത്വത്തിന് വളരാൻ സൗകര്യങ്ങളൊരുക്കിയാണ് മുതലാളിത്തം കെട്ടിപ്പൊക്കിയതെന്നും അദ്ദേഹം പറഞ്ഞു .
ജനാധിപത്യം നിലനിന്നാൽ മാത്രമേ ജനങ്ങൾക്ക് സ്വാതന്ത്ര്യത്തോടെ ജീവിക്കാനാകൂ എന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരൻ പറഞ്ഞു. മതബോധവും ജാതീയതയും പണക്കൊഴുപ്പും ജനാധിപത്യത്തെ കൈയടക്കിയിരിക്കുകയാണ്.
ഇത് കോർപറേറ്റ് അജണ്ടയുടെ ഭാഗമാണ്. രാജ്യത്ത് നടക്കു ന്ന കാര്യങ്ങളുടെ യാഥാർഥ്യം ജനങ്ങൾ അറിയരുത് എന്ന് അവർ ശഠിക്കുന്നു. ഇതിനായി മാധ്യമങ്ങളേയാണ് അവർ ഉപയോഗിക്കുന്നത്.
ജനങ്ങളിൽ ശരിയായ കാര്യങ്ങൾ എത്തിക്കേണ്ട സ്ഥാനത്ത് മതപരമോ ജാതീയമോ ആയ ആശയങ്ങൾ പ്രചരിപ്പിച്ച് ജനാധിപത്യത്തെ ഇല്ലാതാക്കി രാഷ്ട്രീയ ആധിപത്യം സ്ഥാപിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സിപിഎം കേന്ദ്ര കമ്മിറ്റിയംഗം സി.എസ്. സുജാത അധ്യ ക്ഷയായി. സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ, സ്വാഗത സംഘം ചെയർമാൻ ടി.കെ. ദേവകുമാർ എന്നിവർ പങ്കെടുത്തു.