ദേവസ്വം ബോർഡ് സ്കൂൾ-മുടിയിലേത്തുപടി റോഡ് : നാട്ടുകാരുടെ ദുരിതത്തിന് അറുതിയാകുന്നു
1495348
Wednesday, January 15, 2025 6:06 AM IST
ചെങ്ങന്നൂര്‍: ചെറിയനാട് ദേവസ്വം ബോര്‍ഡ് സ്കൂള്‍-മുടിയിലേത്തുപടി റോഡിന്റെ കോണ്‍ക്രീറ്റിംഗിനു തുടക്കമായി. ഇരുപതുവരെ ഇതു വഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ.് ദേവസ്വം ബോര്‍ഡ് സ്കൂള്‍, സെന്റ് ജോസഫ് സ്കൂള്‍, ബാലസു ബ്രഹ്മണ്യസ്വാമീക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള പ്രധാന റോഡിനാണ് ശാപമോക്ഷമാകു ന്നത്. ഒമ്പതു വര്‍ഷമായി റോഡ് തകര്‍ന്ന നിലയിലായിരുന്നു.
പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 14 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിര്‍മാണം നടത്തുന്നത്. മഴക്കാലത്ത് വെള്ളക്കെട്ട് രൂക്ഷമായിരുന്നതിനാല്‍ ടാറിംഗിനു പകരം കോണ്‍ക്രീറ്റ് ചെയ്യാന്‍ തീരുമാനിച്ചു. 280 മീറ്റര്‍ നീളവും അഞ്ചു മീറ്റര്‍ വീതിയുമുള്ള റോഡാണിത്. റോഡ് പുനര്‍നിര്‍മിക്കാന്‍ നിരവധി പ്രതിസന്ധികളാണ് മുന്നിലുള്ളത്.
കരാര്‍ പ്രശ്നം
ടാറിംഗ് പ്രവര്‍ത്തനങ്ങള്‍ക്ക് കരാറുകാരെ കണ്ടെത്തുന്നത് ബുദ്ധിമുട്ടാണ്. കരാറുകാര്‍ 10% അധിക നിരക്ക് ആവശ്യപ്പെടുന്നതിനാല്‍ പ്രവര്‍ത്തനങ്ങള്‍ വൈകുന്നു. എന്നാല്‍, അധിക നിരക്ക് അനുവദിക്കണമെങ്കില്‍ ജില്ലാ പഞ്ചായത്തിന്റെ അനുമതി ആവശ്യമാണ്.
കോണ്‍ക്രീറ്റിംഗ്
കോണ്‍ക്രീറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് കരാറുകാര്‍ തയാറാണ്. അതിനാല്‍ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ കോണ്‍ക്രീറ്റ് പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്.
റോഡ് ഉടന്‍ സഞ്ചാരയോഗ്യമാകും
ഈ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണത്തോടെ ദേവസ്വം ബോര്‍ഡ് സ്കൂള്‍ - മുടിയിലേത്തുപ്പടി റോഡ് സുരക്ഷിതമായ ഒരു സഞ്ചാര പാതയായി മാറുമെന്ന് പതിനാലാം വാര്‍ഡ് മെംബര്‍ എം. രജനീഷ് പറഞ്ഞു. മെയിന്റനന്‍സ് ഗ്രാന്‍ഡും തനതു ഫണ്ടും ഉപയോഗിച്ചാണ് റോഡ് നിര്‍മാണം നടത്തുന്നത്.