മാവേലിക്കര പടിയോല സ്മൃതി വേറിട്ട സംഗമമായി
1494706
Sunday, January 12, 2025 11:36 PM IST
വേലിക്കര: പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ പരിശുദ്ധ അഹ്തുള്ള ബാവായുടെ ഓർമപ്പെരുന്നാളിന്റെ ഭാഗമായി നടത്തിയ മാവേലിക്കര പടിയോല സ്മൃതി വേറിട്ട സംഗമമായി. മാവേലിക്കര പടിയോല ചിത്രങ്ങളുടെ അനാച്ഛാദനവും മാവേലിക്കരയും പടിയോലയും എന്ന പുസ്തകത്തിന്റെ പ്രകാശനവും മാതൃദൈവാലയ സംഗമവും ചടങ്ങിന്റെ ഭാഗമായി നടന്നു. അവിട്ടം തിരുനാൾ ആദിത്യവർമ തമ്പുരാൻ ഉദ്ഘാടനം ചെയ്തു.
എവിടെവച്ചും നേരിടേണ്ടിവരുന്ന ചോദ്യം പത്മനാഭസ്വാമി ക്ഷേത്ര നിലവറയിൽ എന്താണിരിക്കുന്നതെന്നാണ്. വളരെ വിലമതിക്കാനാവാത്ത ഒരു കാര്യം കാണാൻ സാധിച്ചു. അത് 1314ലെ ഒരു നാണയത്തിൽ ആലേഖനം ചെയ്തിട്ടുള്ള യേശുക്രിസ്തുവിന്റെ ചിത്രമാണ്- ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ അധ്യക്ഷനായി. മാവേലിക്കര പടിയോല മലങ്കര സഭയുടെ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ മുഖമുദ്രയാണെന്നു കതോലിക്ക ബാവ പറഞ്ഞു.
രമേശ് ചെന്നിത്തല എം എൽ എ പുസ്തക പ്രകാശനം, ചിത്രങ്ങളുടെ അനാഛാദനം എന്നിവ നിർവഹിച്ചു. കൂനംകുരിശുസത്യം ഒന്നാം സ്വാതന്ത്ര്യ സമരമാണെങ്കിൽ മാവേലിക്കര പടിയോല രണ്ടാം സ്വാതന്ത്ര്യ സമരമാണെന്ന് അദ്ദേഹം പറഞ്ഞു.
ഡോ.കെ.എൽ മാത്യു വൈദ്യൻ കോറെപ്പിസ്കോപ്പ പുസ്തക വിവരണം നൽകി. ഡോ. എം. കുര്യൻ തോമസ് പടിയോല ചിത്രങ്ങളുടെ വിശദീകരണം നൽകി. പടിയോല ചിത്രം വരച്ച ജിജു ലാൽ, പുസ്തകം എഴുതിയ ഡോ. എം. കുര്യൻ തോമസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
വൈദിക സെമിനാരി പ്രിൻസിപ്പൽ ഫാ. ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ, സഭ അത്മായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, ഭദ്രാസന സെക്രട്ടറി ഫാ. ജോൺസ് ഈപ്പൻ,സഭാ മാനേജിംഗ് കമ്മിറ്റിയംഗം സൈമൺ കെ. വർഗീസ് കൊമ്പശേരിൽ, ഭദ്രാസന കൗൺസിൽ അംഗങ്ങളായ വിനു ഡാനിയേൽ, സുനു വർഗീസ്, കത്തീഡ്രൽ വികാരി ഫാ. അജി കെ. തോമസ്, സഹവികാരി ഫാ. ബൈജു തമ്പാൻ, ട്രസ്റ്റി ജി. കോശി തുണ്ടുപറമ്പിൽ, സെക്രട്ടറി വി.ടി. ഷൈൻമോൻ, കൺവീനർ ജിറ്റോ എം. ജോസ് തുടങ്ങിയവർ പ്രസംഗിച്ചു. മാതൃദേവാലയത്തിൽ നിന്നു സ്വതന്ത്ര ഇടവകയായ പത്തു പള്ളികൾ, പുതിയകാവ് കത്തീഡ്രലിന്റെ മാതൃദേവാലയം, കായംകുളം കാദീശാ പള്ളി എന്നിവരെ ആദരിച്ചു.