വിദ്യാർഥികളായ സഹോദരങ്ങൾക്ക് ഇനി അടച്ചുറപ്പുള്ള വീട്ടിൽ തലചായ്ക്കാം
1494705
Sunday, January 12, 2025 11:36 PM IST
മുഹമ്മ: വിദ്യാർഥികളായ സഹോദരങ്ങൾക്ക് ഇനി അടച്ചുറപ്പുള്ള വീട്ടിൽ തലചായ്ക്കാം. മണ്ണഞ്ചേരി ഹൈസ്കൂൾ അധ്യാപികയുടെ ഇടപെടലിനെത്തുടർന്ന് വിദേശ മലയാളികളാണ് വീടിന്റെ നിർമാണത്തിന് മുൻകൈയെടുത്തത്.
മണ്ണഞ്ചേരി ഇരുപത്തിയൊന്നാം വാർഡിൽ വാത്തിക്കാട് മേഘരാജ് -പ്രമീള ദമ്പതികളുടെ മക്കൾക്കാണ് ഈ അസുലഭഭാഗ്യം ലഭിച്ചത്. ഒരാൾ ആലപ്പുഴ മുഹമ്മദൻസ് ഗേൾസ് സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിനിയും സഹോദരൻ മണ്ണഞ്ചേരി സ്കൂളിൽ ആറാം ക്ലാസിലും പഠിക്കുന്നു. അച്ഛനും അമ്മയും രണ്ട് മക്കളും അമ്മൂമ്മയും അടങ്ങുന്നതാണ് ഇവരുടെ കുടുംബം.
നാളെ രാവിലെ ഒന്പതിന് പി. പി. ചിത്തരഞ്ജൻ എംഎ എ വീടിന്റെ താക്കോൽദാനം നിർവഹിക്കും. അമേരിക്കയിലെ ഫ്ലോറിഡ നവകേരള മലയാളി അസോസിയേഷൻ ഭാരവാഹികളായ സുശീൽ കുമാർ നാലകത്ത്, ജയിൻ വാത്തിയേലിൽ, മാത്യു വർഗീസ്, ജോസഫ് പാണികുളങ്ങര എന്നിവർ ചടങ്ങിൽ പങ്കെടുക്കും. തിരക്കഥാകൃത്ത് സുനീഷ് വാരനാട് മുഖ്യാതിഥിയാകും.
2024ലെ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ മണ്ണഞ്ചേരി ഹൈസ്കൂൾ വിദ്യാർഥിനിയെ അനുമോദിക്കാനായി അധ്യാപകരും പിടിഎ, എസ്എംസി ഭാരവാഹികളും എത്തിയപ്പോഴാണ് വീടിന്റെ അവസ്ഥ നേരിട്ടു കണ്ടത്. തുടർന്ന് ക്ലാസ് അധ്യാപികയായ വിധു നഹാർ വിവരം മലയാളി അസോസിയേഷൻ ഭാരവാഹികളുടെ ശ്രദ്ധയിൽ കൊണ്ടുവരികയും അനുകൂല തീരുമാനം നേടിയെടുക്കുകയും ചെയ്തു. നിർമാണച്ചുമതല എൻജിനിയർ അനിൽകുമാർ ജിത്തൂസ് ഏറ്റെടുത്തു. ആറുമാസം കൊണ്ട് 7.5 ലക്ഷം രൂപ ചെലവിൽ 500 ചതുരശ്രയടിയിലുള്ള മനോഹരമായ വീടിന്റെ പണിപൂർത്തിയായി. രണ്ടു മുറി, അടുക്കള, ഹാൾ, ശുചിമുറി എന്നീ സൗകര്യങ്ങളുള്ളതാണ് വീട്.
വീടിന്റെ താക്കോൽ കൈമാറ്റത്തിനുശേഷം അസോസിയേഷൻ ഭാരവാഹികളെയും എൻജിനിയർ അനിൽകുമാർ ജിത്തൂസിനെയും മണ്ണഞ്ചേരി സ്കൂളിൽ ആദരിക്കും. ജനപ്രതിനിധികളും സാമൂഹിക പ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കും. പിടിഎ പ്രസിഡന്റ് സി.എച്ച്. റഷീദ് അധ്യക്ഷനാകും.