വാഗ്ദാനങ്ങള്‍ നടപ്പിലാക്കാത്ത സര്‍ക്കാരുകളെ പ്രോസിക്യൂട്ട് ചെയ്യണം: വി.എം. സുധീരന്
1494956
Monday, January 13, 2025 11:52 PM IST
ആലപ്പുഴ: തെരഞ്ഞെടുപ്പിനു മുന്‍പ് ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാത്ത സര്‍ക്കാരുകളെ പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള നിയമം നടപ്പിലാക്കണമെന്ന് വി.എം. സുധീരന്. മദ്യത്തിന്റെ ഉപയോഗവും ലഭ്യതയും കുറയ്ക്കുമെന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് പത്രികയിലെ വാഗ്ദാനം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കേരള മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ ആലപ്പുഴ കളക്ടറേറ്റിനു മുന്നില്‍ മദ്യാധികാര വാഴ്ചയ്ക്കെതിരേ ജനാധികാര മുന്നേറ്റം എന്ന മുദ്രവാക്യം ഉയര്‍ത്തി നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹം 150 ദിവസം പിന്നിട്ടതിന്റെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.എം. സുധീരന്.
ജനങ്ങളുടെ എത്രയോ പ്രശ്നങ്ങള്‍ ഉണ്ടായിട്ടും പിണറായി സര്‍ക്കാര്‍ ഇതൊന്നും ശ്രദ്ധിയ്ക്കാതെ മദ്യ വ്യാപനം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നതെന്നും വി.എം. സുധീരന് കുറ്റപ്പെടുത്തി. സമ്മേളനത്തില്‍ കേരള മദ്യവിരുദ്ധ മുന്നണി സംസ്ഥാന ചെയര്മാന് മാവേലിക്കര ബിഷപ് ജ്വോഷ്വാ മാര്‍ ഇഗ്നാത്തിയോസ് അധ്യ ക്ഷത വഹിച്ചു. മദ്യ ഉപയോഗത്തിന്റെ ഭീകരതയും അത് മൂലമുണ്ടാകുന്ന ഭവിഷ്യത്തുകളും മനസിലാക്കി പ്രവര്‍ത്തിക്കാന്‍ ഭരണാധികാരികള്‍ തയാറാകണമെന്ന് ബിഷപ് പറഞ്ഞു.
സമ്മേളനത്തില്‍ ആലപ്പുഴ ബിഷപ് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. മദ്യത്തിന്റെ ഭീകരത മനസിലാക്കി ലഹരിയില്‍ ഹോമിക്കപ്പെടുന്നവരെ അതില്‍ നിന്ന് കൈപിടിച്ച് ഉയര്‍ത്തണമെന്നും മദ്യ ഉപയോഗത്തിലൂടെ കേരളം അന്ധന്മാരുടെ നാടായി മാറിയിരിക്കുകയാണെന്നും ബിഷപ് ആവശ്യപ്പെട്ടു.
ആചാര്യ സച്ചിദാനന്ദ ഭാരതി, ബി.ആര്. കൈമള്‍ കരുമാടി, കെപിസിസി ജനറല്‍ സെക്രട്ടറി എ.എ. ഷുക്കൂർ, ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്, സുജാത വര്‍ന മലപ്പുറം, ഷാനിമോള്‍ ഉസ്മാന്, ഫാ. ജോണ്സണ് പുത്തന്‍പുരയ്ക്കല്‍, ഫാ. തോമസ് ഷൈജു, ഐ മുഹമ്മദ് മുബാഷ്, ഡോ. വിന്‍സന്റ് മാളിയേക്കല്‍, നാസര്‍ ആറാട്ടുപുഴ, കെ.കെ. സഫിയ, ഇയ്യച്ചേരി പത്മിനി, കലാമുദ്ധീന്‍, എ.വി ഫ്രാന്‍സിസ്, ചവറ ഗോപകുമാര്‍. ഡി.എസ്. സദറുദ്ധീന്‍, സി.ബി. ഡാനിയല്‍ എന്നിവര്‍ പ്രസംഗിച്ചു.