ബിജെപിയുടെ റിക്രൂട്ട്മെന്റ് ഏജന്റെന്ന്; ഡിവൈഎഫ്ഐ നേതാവിനെതിരേ നടപടിക്ക് സാധ്യത
1495352
Wednesday, January 15, 2025 6:06 AM IST
കായംകുളം: സിപിഎമ്മിൽനിന്നു ബിജെപിയിലേക്ക് റിക്രൂട്ടിംഗ് ഏജന്റായി പ്രവർത്തിച്ചെന്ന പരാതിയില്‍ ഡിവൈഎഫ്ഐ നേതാവിനെതിരേ നടപടിക്ക് സാധ്യത. ഡിവൈഎഫ്ഐ കരീലക്കുളങ്ങര മുൻ മേഖല സെക്രട്ടറിയും നിലവില്‍ അംഗവുമായ ഷാനിന് എതിരെയാണ് നടപടി നിർദേശം ഉയർന്നത്.
ബിബിൻ സി. ബാബുവിനുവേണ്ടി ബിജെപിയിലേക്ക് പത്തിയൂരില്‍നിന്ന് സിപിഎമ്മുകാരെ എത്തിച്ചത് ഇദ്ദേഹമാണെന്ന് പങ്കെടുത്തവർ വ്യക്തമാക്കിയത് സിപിഎമ്മിന് ആകെ നാണക്കേടായി മാറിയിരുന്നു. ബിപിൻ സി. ബാബുവിന് പാർട്ടിയില്‍ ഇപ്പോഴുമുള്ള സ്വാധീനത്തിന് തെളിവായും സംഭവം മാറി.
ഈ സാഹചര്യത്തില്‍ അടിയന്തരമായി ചേർന്ന സിപിഎം കരീലക്കുളക്കുളങ്ങര ലോക്കല്‍ കമ്മിറ്റിയില്‍ വിഷയം ഗൗരവമുള്ള ചർച്ചക്ക് കാരണമായി. പാർട്ടി വിരുദ്ധ പ്രവർത്തനം വ്യക്തമായ സാഹചര്യത്തില്‍ ഷാനിനെതിരേ കർശന നടപടി വേണമെന്ന അഭിപ്രായമാണ് കമ്മിറ്റിയില്‍ ഉയർന്നത്. തുടർന്ന് ഇതില്‍ തീരുമാനമെടുക്കാൻ ഷാൻ അംഗമായ സ്പിന്നിംഗ് മില്‍ ബ്രാഞ്ച് കമ്മിറ്റി വിളിച്ചുചേർക്കാനും തീരുമാനിച്ചു. ബിജെപി പരിപാടിയില്‍ പങ്കെടുത്ത കുടുംബമാണ് ഷാനിനെതി രേ വെളിപ്പെടുത്തല്‍ നടത്തിയത്. ദരിദ്ര പശ്ചാത്തലത്തിലുള്ള കുടുംബത്തിന് വീട് നിർമിച്ച് നല്‍കാമെന്നായിരുന്നു വാഗ്ദാനം.