കൃഷ്ണദേവും മൊഹ്സിനും ഇന്നു മുതല്‍ ക്ലാസിലേക്ക്
1494714
Sunday, January 12, 2025 11:36 PM IST
അമ്പലപ്പുഴ: അപകടത്തിന്റെ ഭയപ്പെടുത്തുന്ന ഓര്‍മകള്‍ മറികടന്ന് കൃഷ്ണദേവും മൊഹ്സിനും ഇന്നു മുതല്‍ ക്ലാസിലെത്തും. ഒന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥി ചേര്‍ത്തല മണപ്പുറം മണപ്പുറത്ത് വീട്ടില്‍ എം.കെ. ഉത്തമന്റെ മകന് കൃഷ്ണദേവ് കരുനാഗപ്പള്ളി വെളുത്തേടത്ത് മേക്കതില്‍ മുഹ്സിന് എന്നിവരാണ് ഇന്നലെ ഹോസ്റ്റലില്‍ എത്തിയത്.
അച്ഛൻ ഉത്തമന്, അമ്മ മിനി, പിതൃസഹോദരന് തിലകന് എന്നിവരോടൊപ്പമാണ് കൃഷ്ണദേവ് ഞായറാഴ്ച ഇന്നലെ ഹോസ്റ്റലില്‍ എത്തിയത്.പിതൃസഹാോദരന് മനാഫ്, മാതാവ് ഹസീന, സഹോദരി മുഹ്സിന എന്നിവരോടൊപ്പമാണ് മുഹ്സിന് എത്തിയത്.
മുഹ്സിന് തോളെല്ലിനും കൈക്കും പൊട്ടലേറ്റിരുന്നു. പരിക്ക് പൂര്‍ണമായും ഭേദമാകാത്തതിനാല്‍ ബെല്‍റ്റിട്ടിരിക്കുകയാണ്.അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വന്ന കൃഷ്ണദേവിന് സംഭവദിവസം രാത്രിതന്നെ തലച്ചോറിന് ശസ്ത്രക്രിയ നടത്തി. പിന്നീട് പോസ്റ്റ് ഓപ്പറേറ്റീവ് വെന്റിലേറ്ററിലായിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൃഷ്ണദേവ് ഡിസംബര്‍ 18നാണ് ആശുപത്രി വിട്ടത്.
ഡിസംബര്‍ രണ്ടിന് രാത്രി 9.30 നാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. ആലപ്പുഴ ചങ്ങനാശേരി ജംഗ്ഷന് സമീപം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന വാഹനം കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ച് ആറു വിദ്യാര്‍ഥികളുടെ ജീവനാണ് പൊലിഞ്ഞത്. ശ്രീദീപ് വത്സന്, ആയുഷ് ഷാജി, മുഹമ്മദ് ഇബ്രാഹിം, പി.പി.ദേവനന്ദന്, മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍ എന്നിവരാണ് സംഭവദിവസം മരിച്ചത്. ചികിത്സയിലിരിക്കെ ആല്വിന് ജോര്‍ജും പിന്നീട് മരിച്ചു. അപകടത്തില്‍ ഷെയ്ന് മാത്രമാണ് നിസാരപരിക്കുകളോടെ രക്ഷപ്പെട്ടത്.
കൃഷ്ണദേവ്, ആദര്‍ശ് മനു, ഗൗരിശങ്കര്‍, മൊഹ്സിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റിരുന്നത്. ഇതില്‍ ആനന്ദ് മനുവിന് തുടയെല്ലില്‍ പൊട്ടല്‍, തലച്ചോറിലും തലയോട്ടിയിലും ക്ഷതം എന്നിവ ഏറ്റിരുന്നു. ഗൗരി ശങ്കറിന്റെ ഇടത് തുടയെല്ലിനായിരുന്നു പരിക്ക്. മോഹ്സിന്‍ തോളെല്ലിനും കൈക്കുമാണ് ക്ഷതമേറ്റത്.