‘സിപിഎം ജില്ലാ സമ്മേളനം മുഖ്യമന്ത്രി നിയന്ത്രിച്ചത് കരിമണൽ ചർച്ച ഒഴിവാക്കാൻ’
1494958
Monday, January 13, 2025 11:52 PM IST
അമ്പലപ്പുഴ: പതിവിന് വിപരീതമായി സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് നിയന്ത്രിച്ചത് കരിമണല്‍ ചര്‍ച്ച ഒഴിവാക്കാന്‍ വേണ്ടിയെന്ന് പാര്‍ട്ടി വിമര്‍ശകര്‍. മുന്‍പും ജില്ലയില്‍ വി.എസ് -പിണറായി തര്‍ക്കങ്ങളും ഗ്രൂപ്പും കൊടികുത്തിവാണ കാലത്തു പോലും പിണറായി വിജയന് മുഴുവന്‍ സമയവും സമ്മേളനങ്ങള്‍ക്കായി ചെലവഴിച്ചിരുന്നില്ല.
എന്നാല്‍, ഇത്തവണ മൂന്നുദിവസം ഹരിപ്പാട് ജില്ലാ സമ്മേളനം നടന്നപ്പോള്‍ സമ്മേളനമാകെ നിയന്ത്രിച്ചത് പിണറായി വിജയനായിരുന്നു. വിവാദമായ കരിമണല്‍ ചര്‍ച്ച ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പിണറായി വിജയന് സമ്മേളനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതെന്നാണ് പാര്‍ട്ടി വിമര്‍ശകരുടെ ആരോപണം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് മാസ്റ്ററെ നോക്കുകുത്തിയാക്കിയാണ് സമാപന ദിവസം പിണറായി സമ്മേളന നടത്തിപ്പ് ഏറ്റെടുത്തത്.
പിണറായിയുടെ സാന്നിധ്യത്തില്‍ കരിമണല്‍ വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ പ്രതിനിധികള്‍ ഭയക്കുമെന്നു പിണറായിക്കറിയാം. ഇത് മനസിലാക്കിയാണ് അദ്ദേഹം മൂന്നു ദിവസവും സമ്മേളനത്തില്‍ പങ്കെടുത്തത്. കരിമണല്‍ വിവാദം പ്രത്യക്ഷത്തില്‍ പിണറായി വിജയനെയാണ് ബാധിക്കുന്നത്.
അതുകൊണ്ടു തന്നെ ഈ വിഷയത്തില്‍ മറുപടി നല്‍കേണ്ടതും പിണറായിയാണ്. അതിനാലാണ് സമ്മേളന നടത്തിപ്പ് പിണറായി ഏറ്റെടുത്തതെന്നാണ് പാര്‍ട്ടി വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്.