മുട്ടാർ സെന്റ് ജോർജ് എച്ച്എസ് പ്ലാറ്റിനം ജൂബിലി സമാപനസമ്മേളനം
1495357
Wednesday, January 15, 2025 6:06 AM IST
മങ്കൊമ്പ്: മുട്ടാർ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിന്റെ ഒരുവർഷം നീണ്ടുനിന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന പരിപാടികൾ 16, 17 തീയതികളിലായി നടക്കും. ഇന്നു രാവിലെ 9.30 ന് സ്കൂൾ അങ്കണത്തിൽ പതാക ഉയർത്തും. ആഘോഷപരിപാടികളുടെ ഭാഗമായി നാളെ ഉച്ചകഴിഞ്ഞു 2.30ന് കുമരംചിറ പള്ളിയിൽനിന്നാരംഭിക്കുന്ന പ്ലാറ്റിനം ജൂബിലി ബഹുജന റാലി സ്കൂൾ മാനേജർ ഫാ. സിറിൾ ചേപ്പില ഫ്ളാഗ് ഓഫ് ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് കെ. സുരമ്യ ദീപശിഖ തെളിക്കും.
കുമരംചിറ പള്ളിവികാരി ഫാ. ജോസഫ് കട്ടപ്പുറം ജൂബിലി സന്ദേശവും നൽകും. വിവിധ പ്ലോട്ടുകൾ, മോട്ടോർ വാഹനറാലി, ദീപശിഖാ പ്രയാണം, വിവിധ കലാരൂപങ്ങളുടെ അവതരണം എന്നിവ റാലിക്കു മാറ്റുകൂട്ടും. 17ന് ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന സമാപനസമ്മേളനം രമേശ് ചെന്നിത്തല എംഎൽഎ ഉദ്ഘാടനം ചെയ്യും.
ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ കൊടിക്കുന്നിൽ സുരേഷ് എംപി മുഖ്യപ്രഭാഷണം നടത്തും. വിവിധ മത-സമുദായ നേതാക്കൾ, രാഷ്ട്രീയ-വിദ്യാഭ്യാസ-കലാ-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ, പൂർവ അധ്യാപക-അനധ്യാപകർ, പൂർവ വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുക്കും. ജൂബിലി കമ്മിറ്റി ചെയർമാൻ പ്രഫ. ജോർജ് തോമസ്, കൺവീനർ പിന്റു കളരിപ്പറമ്പിൽ, പ്രിൻസിപ്പൽ ഈശോ തോമസ്, ഹെഡ്മാസ്റ്റർ എം.കെ. തോമസ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.