ദേശീയപാതയിൽ പാചകവാതക ടാങ്കർ ലോറി മറിഞ്ഞു; വൻ അപകടം ഒഴിവായി
1494961
Monday, January 13, 2025 11:52 PM IST
കായംകുളം: ദേശീയപാതയിൽ കായംകുളം കൊറ്റുകുളങ്ങര മസ്ജിദിന് സമീപം പാചക വാതകവുമായി വന്ന ടാങ്കർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. വാതക ചോർച്ച ഉണ്ടാകാതിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. ഇന്നലെ രാവിലെ ഏഴോടെ ആയിരുന്നു അപകടം. ടാങ്കർ മറിഞ്ഞത് ജനങ്ങളിൽ ആശങ്ക പരത്തി.
മംഗലാപുരത്തുനിന്ന് കൊല്ലം പാരിപ്പള്ളി ഐഒസി പ്ലാന്റിലേക്ക് 18 ടൺ പാചകവാതകം നിറച്ചുവന്ന ടാങ്കറാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ ആർക്കും പരിക്കില്ല. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്തായിരുന്നു ടാങ്കർ മറിഞ്ഞത്. അതിനാൽ അഗ്നിരക്ഷാസേന ഉൾപ്പെടെ ജാഗ്രതയോടെയുള്ള രക്ഷാപ്രവർത്തനമാണ് നടത്തിയത്. ദേശീയപാതയിൽനിന്ന് വാഹനം തെന്നിമാറിയതാണ് അപകടത്തിന് കാരണമെന്ന് ഡ്രൈവർ രാജശേഖരൻ പറഞ്ഞു. വാതകം നിറച്ച ടാങ്കർ ബുള്ളറ്റ് കാബിനിൽനിന്ന് വേർപെട്ട നിലയിലായിരുന്നു.
കായംകുളത്തുനിന്ന് അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റും സിവിൽ ഡിഫൻസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. പാരിപ്പള്ളി ഐഒസിയിലെ വിദഗ്ധർ അപകട സ്ഥലത്തെത്തി പരിശോധിച്ചശേഷം വാതകം മറ്റ് ടാങ്കറുകളിലേക്ക് മാറ്റുന്ന പ്രക്രിയ രാത്രി വൈകിയും തുടരുകയാണ്. രാവിലെ പത്തുമുതൽ ദേശീയപാതയിൽ കായംകുളം കൊറ്റുകുളങ്ങരയ്ക്കും പുത്തൻ റോഡ് ജംഗ്ഷനും ഇടയിൽ ഗതാഗതം പൂർണമായും സ്തംഭിച്ചു. ആലപ്പുഴ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഒഎൻകെ ജംഗ്ഷൻ വഴി കാർത്തികപ്പള്ളി റോഡിലൂടെയും ആലപ്പുഴ ഭാഗത്തുനിന്ന് തെക്കോട്ടു വരുന്ന വാഹനങ്ങൾ നങ്ങ്യാർകുളങ്ങര കവലയിൽനിന്ന് മുട്ടം തട്ടാരമ്പലം റോഡ് വഴിയും ഗതാഗതം തിരിച്ചുവിട്ടു.
ചുറ്റും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശമായതിനാൽ പൊതുജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് പോലീസും അഗ്നിരക്ഷാസേനയും ഉച്ചഭാഷിണിയിലൂടെ ജാഗ്രതാ മുന്നറിയിപ്പും നൽകി.
വാതകം ചോരാത്തത് ആശ്വാസമായി
കായംകുളം: ദേശീയ പാതയിൽ കൊറ്റുകുളങ്ങരയ്ക്ക് സമീപം പാചകവാതകവുമായി വന്ന ടാങ്കർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടം ജനങ്ങളെ ഭീതിയിലാക്കി. മറിഞ്ഞ ബുള്ളറ്റ് ടാങ്കറിൽ നിന്നും വാതകചോർച്ച ഉണ്ടാവാതിരുന്നത് വലിയ ആശ്വാസമായി.
കായംകുളം അഗ്നിരക്ഷാ നിലയത്തിൽനിന്നും ഒരു കിലോമീറ്റർ ദൂരത്തിന് അടുത്തായിരുന്നു അപകടം. അതിനാൽ അഗ്നിരക്ഷാസേനയ്ക്ക് അപകടസ്ഥലത്ത് വേഗത്തിൽ എത്താൻ കഴിഞ്ഞു. പോലീസും സിവിൽ ഡിഫൻസ് സ്ക്വാഡും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
വാഹന ഗതാഗതം ഉടൻതന്നെ വഴിതിരിച്ചുവിടാൻ നടപടി സ്വീകരിച്ചു.
പ്രദേശത്തെ ജനങ്ങൾ മാറി ത്താമസിക്കാനും നിർദേശം നൽകി. കൃത്യമായ ജാഗ്രതാ മുന്നറിയിപ്പ് അനൗൺസ് മെന്റിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും ജനങ്ങളിൽ എത്തിച്ചു. വൈദ്യുതി ഓഫീസുമായി ബന്ധപ്പെട്ട് പ്രദേശത്തെ വൈദ്യുതിവിതരണം താത്കാലികമായി നിർത്തിവയ്പിച്ചു. തുടർന്നാണ് മറ്റൊരു ടാങ്കറിലേക്ക് വാതകം മാറ്റുന്ന പ്രവർത്തനം ആരംഭിച്ചത്. നാല് ടൺ വാതകമാണ് മറ്റൊരു ടാങ്കറിലേക്ക് മാറ്റിയത്. . അവശേഷിക്കുന്ന വാതകത്തോടെ ടാങ്കർ ഉയർത്തി റോഡിലെത്തിച്ചു.
ടാങ്കർ കാബിനുമായി ബന്ധിപ്പിച്ച് പ്ലാന്റിലേക്ക് രാത്രിയോടെ കൊണ്ടുപോകും. പാരിപ്പള്ളി ഐഒസി പ്ലാന്റിൽ നിന്നുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.
കരുനാഗപ്പള്ളി പുത്തൻതെരുവിൽ ഗ്യാസ്ടാങ്കർ ദുരന്തമുണ്ടായിട്ട് 15 വർഷം പിന്നിടുകയാണ്. അന്നത്തെ ദുരന്തത്തിൽ മരണപ്പെട്ട കായംകുളം ഫയർ സ്റ്റേഷനിലെ ഓഫീസർ സമീറിന്റെ അനുസ്മരണം ഇന്ന് കായംകുളം ഫയർസ്റ്റേഷനിൽ നടക്കാനിരിക്കെയാണ് വീണ്ടുമൊരു ടാങ്കർ അപകടം ഇന്നലെ നടന്നത്.