ഉദ്ഘാടനം 20ന്, രണ്ട് വിളംബര ജാഥകൾ, 350 സ്റ്റാളുകൾ
1494475
Saturday, January 11, 2025 11:22 PM IST
ചെങ്ങന്നൂർ: നഗരമധ്യത്തിലെ പെരുങ്കുളം പാടത്തെ സ്റ്റേഡിയത്തിൽ 18 മുതൽ 31 വരെ നടക്കുന്ന ദേശീയ കുടുംബശ്രീ - സരസ് മേള - യുടെ ഒരുക്കങ്ങൾ പൂർത്തിയാകുന്നതായി സംഘാടകസമിതി ചെയർമാൻ മന്ത്രി സജി ചെറിയാൻ അറിയിച്ചു. കേരളത്തിനകത്തും പുറത്തുനിന്നുമുള്ള കുടുംബശ്രീ സംരംഭകരുടെ വൈവിധ്യമാർന്ന ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവും ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന മേളയിൽ കേന്ദ്ര ഭരണ പ്രദേശങ്ങളിൽനിന്നുള്ള കുടുംബശ്രീക്ക് പുറമേ മറ്റു ഗ്രാമീണ ഉത്പാദക സംരംഭകരും പങ്കെടുക്കും. ഇവർക്കായി 250 സ്റ്റാളുകളും സംഘാടകസമിതി നേരിട്ട് നടത്തുന്ന സ്റ്റാളുകളുമടക്കം 350 ലേറെ വിപണന കേന്ദ്രങ്ങളാണ് പ്രവർത്തിക്കുക.
വിവിധ സംസ്ഥാനങ്ങളിലെ കലാശില്പങ്ങൾ, കരകൗശല വസ്തുക്കൾ, തുണിത്തരങ്ങൾ, ഗൃഹാലങ്കാര വസ്തുക്കൾ എന്നിവ മേളയുടെ പ്രത്യേകതയാണ്. എല്ലാ സംസ്ഥാനത്തെയും രുചിവൈവിധ്യം വിളമ്പുന്ന 30 ഓളം ഫുഡ് കോർട്ടുകളും നിരക്കും. 18- ന് വൈകിട്ട് നാലിന് എംസി റോഡിൽ തെക്ക് ചെങ്ങന്നൂർ ഗവ. ഐടിഐ ജംഗ്ഷനിൽനിന്നും വടക്ക് വെള്ളാവൂർ ജംഗ്ഷൻ കേന്ദ്രീകരിച്ചും വെവ്വേറെ ആരംഭിക്കുന്ന വിളംബര ഘോഷയാത്രകൾ പെരുങ്കുളം പാടത്ത് സംഗമിക്കും. തുടർന്ന് വിവിധ കലാപരിപാടികൾ നടക്കും. 20 ന് വൈകിട്ട് നാലിന് മേളയുടെ ഔപചാരിക ഉദ്ഘാടനം മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും. നടൻ മോഹൻലാൽ മുഖ്യാതിഥിയാകും.
തുടർന്നുള്ള ദിവസങ്ങളിൽ വിവിധ വിഷയങ്ങൾ പ്രതിപാദിക്കുന്ന സെമിനാറുകളിൽ സാമൂഹ്യ, സാഹിത്യ, രാഷ്ട്രീയ, കലാരംഗത്തെ വിദഗ്ദർ പങ്കെടുക്കും.
21- ന് എം.ടി. വാസുദേവൻ നായരുടെ കൃതികളെ സംബന്ധിച്ച ചർച്ച നടക്കും. മികച്ച 40 പ്രസാധകർ പങ്കെടുക്കുന്ന ബുക്ക് ഫെയറും പുസ്തക ചർച്ചകളും ഉണ്ടാകും. ദിവസവും രാവിലെ 10 മുതൽ കലാപരിപാടികൾ ആരംഭിക്കും. ജില്ലയിലെ 12 ബ്ലോക്കുകളിലെ കുംടുംബശ്രീ കലാകാരികൾ പങ്കെടുക്കും.കുടുംബശ്രീയുമായി ബന്ധപ്പെട്ട കുട്ടികളുടെ കലാമേളയും ഉൾപ്പെടുത്തും.
മലയാള സിനിമാ ചരിത്രം വിവരിക്കുന്ന എക്സിബിഷൻ മേളയുടെ പ്രത്യേകതയാണ്. സിനിമാ മേഖലയിൽനിന്നുള്ള പ്രമുഖരും പ്രശസ്തരും നേതൃത്വം നൽകുന്ന വിവിധ കലാപരിപാടികൾ, ഫ്ലവർ- പെറ്റ് പ്രദർശനങ്ങൾ, അമ്യൂസ്മെന്റ് പാർക്ക്, റോബോട്ടിക്ക് ഷോ എന്നിവയും മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മൂന്നു വേദികൾ ഉൾക്കൊള്ളുന്ന ഒന്നര ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള പന്തലിലാണ് പ്രദർശന, വിപണനം നടക്കുക. ഇതിനായി എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് ഒന്നരക്കോടി രൂപ ചെലവഴിച്ചാണ് ഗ്രൗണ്ട് നവീകരിച്ചത്. ഇതുമൂലം എല്ലാ കായിക മത്സരങ്ങളും നടത്തുവാൻ കഴിയുന്ന സംസ്ഥാനത്തെ മികച്ച കളിക്കളമായി പെരുങ്കുളം സ്റ്റേഡിയം മാറി. മേളയ്ക്കുശേഷം ഏപ്രിൽ 11 ന് സംസ്ഥാനതല ഫുട്ബോൾ മത്സരവും സ്റ്റേഡിയത്തിൽ നടക്കുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. സരസ് മേളയിൽ പ്രവേശനം സൗജന്യമായിരിക്കും.