ജില്ലാ സെക്രട്ടറിയായി ആർ. നാസർ തുടരും
1494703
Sunday, January 12, 2025 11:36 PM IST
എംഎൽഎമാരായ
യു. പ്രതിഭയും എം.
എസ്. അരുൺ കുമാറും
ജില്ലാ കമ്മിറ്റിയിൽ
ഹരിപ്പാട്: സിപിഎം ജില്ലാ സെക്രട്ടറിയായി ആർ. നാസർ തുടരും. ഇത് മൂന്നാം തവണയാണ് നാസർ ജില്ലാ സെക്രട്ടറിയാകുന്നത്. തുടർച്ചയായ രണ്ടാം തവണയാണ് സമ്മേളനത്തിലൂടെ ജില്ലാ സെക്രട്ടറിയാവുന്നത്. നേരത്തേ സജി ചെറിയാൻ മന്ത്രിയായതിനെത്തുടർന്ന് ഒന്നരവർഷത്തോളം നാസർ ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നു. സാമുദായിക സന്തുലനം അടക്കമുള്ള കാര്യങ്ങൾ പരിഗണിച്ചാണ് നാസറിന് സെക്രട്ടറി സ്ഥാനത്ത് ഒരു ഊഴംകൂടി നൽകാൻ തീരുമാനിച്ചതെന്നാണ് വിവരം.
കായംകുളം എംഎൽഎ യു. പ്രതിഭയെയും മാവേലിക്കര എംഎൽഎ എം.എസ്. അരുണ്കുമാറിനെയും ഉൾപ്പെടെ നാലുപേരെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. അതേസമയം, ജില്ലാ കമ്മിറ്റിയിൽനിന്ന് അഞ്ചുപേരെ ഒഴിവാക്കി. 46 അംഗ കമ്മിറ്റിയെയാണ് തെരഞ്ഞെടുത്തത്.
ആർ. നാസർ മൂന്നാം തവണയും ജില്ലാ സെക്രട്ടറിയായി എതിരില്ലാതെയാണ് തെരെഞ്ഞെടുക്കപ്പെട്ടത്. നാസറിന്റെ പേരല്ലാതെ മറ്റൊരു പേരും ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ഉയർന്നില്ല. നാസർ സിഐടിയുവിന്റെ നേതൃനിരയിലും പ്രവർത്തിക്കുന്നുണ്ട്. ജനപ്രതിനിധികളെ പാർട്ടി നേതൃനിരയിലേക്ക് കൊണ്ടുവരിക എന്ന നയത്തിന്റെ ഭാഗമായാണ് കായംകുളം എംഎൽഎ യു. പ്രതിഭയെയും മാവേലിക്കര എംഎൽഎ എം.എസ്. അരുൺ കുമാറിനെയും ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. വിവാദങ്ങൾക്കിടെയും പ്രതിഭയെ സിപി എം ചേർത്തു നിർത്തുകയാണ്. ആലപ്പുഴ ഏരിയ സെക്രട്ടറി അജയ് സുരേന്ദ്രൻ, മാരാരിക്കുളം ഏരിയ സെക്രട്ടറി സി. രഘുനാഥ് എന്നിവരെയും പുതിയതായി ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അഞ്ചുപേരെയാണ് ജില്ലാ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കിയത്. എം. സുരേന്ദ്രൻ, ജി. വേണുഗോപാൽ എന്നിവരെ പ്രായപരിധി കണക്കിലെടുത്ത് ഒഴിവാക്കി. സാമ്പത്തിക, അഴിമതി ആരോപണങ്ങൾ നേരിടുന്ന എൻ. ശിവദാസനെ ജില്ലാ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കി. കായംകുളം മുൻ ഏരിയ സെക്രട്ടറി പി. അരവിന്ദാക്ഷൻ, ജലജ ചന്ദ്രൻ എന്നിവരെയും ജില്ലാ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ജില്ലാ സമ്മേളനത്തിൽ നടന്ന ഗൗരവകരമായ ചർച്ചകളെ മറുപടി പ്രസംഗത്തിൽ മുഖ്യമന്ത്രി അഭിനന്ദിച്ചു.
പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും മുഴുവൻ സമയവും സമ്മേളനത്തിൽ ഉണ്ടായിരുന്നതിനാൽ കാര്യമായ വിമർശനങ്ങൾ പ്രതിനിധികളുടെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നില്ല. ഇ.പി. ജയരാജൻ-ജാവദേക്കർ കൂടിക്കാഴ്ച, കുട്ടനാട് സീറ്റ്, വോട്ട് ചോർച്ച, സിപിഐക്കും എൻസിപിക്കും പോലീസിനും എതിരായ വിമർശനങ്ങൾ തുടങ്ങിയവയായിരുന്നു പ്രധാനമായും ചർച്ചയിൽ ഉയർന്ന വിഷയങ്ങൾ. സമുദായ സംഘടനകളെയും ഘടകകക്ഷികളെയും ഒപ്പം നിർത്തണമെന്നു പറഞ്ഞ മുഖ്യമന്ത്രി വോട്ട് ചോർച്ചയിൽ സംസ്ഥാന സെക്രട്ടറിയുടെ സാന്നിധ്യത്തിൽ പ്രത്യേക യോഗം ചേരാനും നിർദേശിച്ചു.
സിപിഎം ജില്ലാ കമ്മിറ്റി
അംഗങ്ങൾ:
ആർ. നാസർ ( സെക്രട്ടറി) പി.പി.ചിത്തരഞ്ജൻ എംഎൽഎ, കെ. പ്രസാദ്, കെ.എച്ച്.ബാബുജാൻ, ജി. ഹരിശങ്കർ, എം. സത്യപാലൻ, എ. മഹേന്ദ്രൻ, കെ.രാഘവൻ, മനു.സി.പുളിക്കൽ, എച്ച്.സലാം എം.എൽ.എ, ജി.രാജമ്മ, സി.കെ.സദാശിവൻ, ടി.കെ.ദേവകുമാർ, വി.ജി. മോഹനൻ, എൻ.ആർ.ബാബുരാജ്, എ.എം. ആരിഫ്, കെ.ഡി. മഹീന്ദ്രൻ, കെ. ആർ. ഭഗീരഥൻ, എ.ഓമനക്കുട്ടൻ, പി. ഗാനകുമാർ, കെ.കെ. അശോകൻ, മുരളി തഴക്കര, എം.എച്ച്. റഷീദ്, കോശി അലക്സ്, പി.കെ.സാബു, എൻ.സജീവൻ, കെ.ജി.രാജേശ്വരി, കെ.മധുസൂദനൻ, എൻ.പി.ഷിബു, എസ്.രാധാകൃഷ്ണൻ, വി.ബി.അശോകൻ, ലീലാ അഭിലാഷ്, ആർ. രാജേഷ്, പുഷ്പലതാമധു, ആർ.രാഹുൽ, ജയിംസ് ശാമുവേൽ, സി.ശ്രീകുമാർ ഉണ്ണിത്താൻ, ജി. ഉണ്ണികൃഷ്ണൻ, എം.ശശികുമാർ, ബി.ബിനു, കെ.കെ.ഷാജു, ഷെയ്ക്.പി. ഹാരിസ്, യു. പ്രതിഭ എംഎൽഎ, എം.എസ്. അരുൺകുമാർ എംഎൽഎ, പി.രഘുനാഥ്, അജയ്സുധീന്ദ്രൻ.