സംസ്ഥാനകലോത്സവത്തില്‍ ജില്ലയില്‍ ഒന്നാമത്: കുട്ടികളും അധ്യാപകരും ആഹ്ലാദപ്രകടനം നടത്തി
1494957
Monday, January 13, 2025 11:52 PM IST
ചേര്‍ത്തല: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ചേര്‍ത്തല മുട്ടം ഹോളിഫാമിലി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മികച്ച വിജയം നേടിയതില്‍ കുട്ടികളും അധ്യാപകരും നഗരത്തില്‍ ആഹ്ലാദപ്രകടനം നടത്തി. ജില്ലാതലത്തില്‍ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തില്‍ 12-ാം സ്ഥാനവും സ്കൂളിന് കരസ്ഥമാക്കാനായി.
ഹയര്‍ സെക്കന്‍ഡറി, ഹൈസ്കൂള്‍ വിഭാഗങ്ങളിലായി പങ്കെടുത്ത പത്തിനങ്ങളില്‍ ഒമ്പതിലും മികവുകാട്ടിയാണ് സംസ്ഥാനതലത്തില്‍ തന്നെ മുട്ടം ഹോളിഫാമിലി സ്കൂള്‍ ശ്രദ്ധനേടിയത്.
ചേര്‍ത്തല മുനിസിപ്പല്‍ ബസ് സ്റ്റാൻഡില്‍നിന്നും ആരംഭിച്ച റാലിയില്‍ വിജയികളായ കുട്ടികളോടൊപ്പം അധ്യാപകരും രക്ഷകര്‍ത്താക്കളും പങ്കെടുത്തു. ചെണ്ടമേളം, ബാന്റ്മേളം എന്നിവയുടെ അകമ്പടിയോടുകൂടി നടന്ന റാലിക്ക് വിവിധ കേന്ദ്രങ്ങളില്‍ നാട്ടുകാരും സ്വീകരണം നല്കി.
നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഏലിക്കുട്ടി ജോണ്‍ കലോത്സവ വിജയികളെ ഹാരമണിയിച്ചു. സ്കൂള്‍ മാനേജര്‍ റവ.ഡോ. ആന്റോ ചേരാംതുരുത്തി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ വി.എച്ച്. ആന്റണി, പ്രഥമാധ്യാപിക എം. മിനി, സീനിയര്‍ അസിസ്റ്റന്റ് ബിന്ദു ജോസഫ്, സ്റ്റാഫ് സെക്രട്ടറി വി. ശ്രീഹരി, കലോത്സവകമ്മിറ്റി കണ്‍വീനര്‍ ആനി ട്രീസ ഫ്രാന്‍സിസ്, പി.ടി. നോബിള്‍ എന്നിവര്‍ പ്രസംഗിച്ചു.