ചെങ്ങന്നൂര്‍ അദാലത്ത്; 178 അപേക്ഷകൾ തീര്‍പ്പാക്കി
1494954
Monday, January 13, 2025 11:52 PM IST
ആലപ്പുഴ: ഇന്നലെ ചെങ്ങന്നൂരില്‍ നടന്ന കരുതലും കൈത്താങ്ങും താലൂക്ക്തല പരാതി പരിഹാര അദാലത്തില്‍ 178 പരാതികളില്‍ അന്തിമ തീര്‍പ്പാക്കി. മന്ത്രി മാരായ പി. പ്രസാദ്, സജി ചെറിയാന് എന്നിവരാണ് പരാതികളില്‍ തീര്‍പ്പാക്കി ഉത്തരവാക്കിയത്. ആകെ 287 പരാതികള്‍ ഓണ്‍ലൈനായി ലഭിച്ചിരുന്നു.
ഇതില്‍ പരിഗണനാര്‍ഹമായ 231 പരാതികളാണ് ഉണ്ടായിരുന്നത്. 53 പരാതികളില്‍ 15 ദിവസത്തിനകം തീര്‍പ്പുണ്ടാക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. അദാലത്ത് ദിവസം പുതുതായി 360 അപേക്ഷകളാണ് ലഭിച്ചത്. ഇതിനായി പ്രത്യേകം കൗണ്ടറുകള്‍ ഒരുക്കിയിരുന്നു. പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്കു കൈമാറി. സ്ഥലത്ത് എത്തി പരിശോധന പൂര്‍ത്തിയാക്കേണ്ടവ ഉള്‍പ്പെടെ എല്ലാം പൂര്‍ത്തിയാക്കി പരമാവധി മാര്‍ച്ചിനകം എല്ലാ പരാതികളിലും തീര്‍പ്പാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
പോക്കുവരവും കഴിയാതിരുന്ന പൊന്നിക്കര സ്വദേശിനി അന്നമ്മ ബാബുവിന് പോക്കുവരവ് ചെയ്ത് കരം അടച്ചു നല്കിയതും ഉണ്ണികൃഷ്ണന് എന്ന വ്യക്തിക്ക് യുഡിഐഡി കാര്‍ഡ് നല്കിയതും 24 പോക്കുവരവ് അപേക്ഷകളില്‍ അന്തിമ തീര്‍പ്പ് കല്പ്പിക്കാനായതും അദാലത്തിനെ കൂടുതല്‍ അര്‍ഥവത്താക്കുന്ന പ്രധാന തീരുമാനങ്ങളാണെന്ന് പി. പ്രസാദ് പറഞ്ഞു. അപകടകരമായ നില്ക്കുന്ന മൂന്നു വൃക്ഷങ്ങള്‍ മുറിച്ചുനീക്കുന്നതിനും അദാലത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്. ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ്, തഹസില്‍ദാര്‍ അശ്വനി അച്യുതന് എന്നിവര്‍ സമാപനയോഗത്തില്‍ സന്നിഹിതരായി.
നീണ്ടുപോയ പോക്കുവരവ്;
കരുതലായി അദാലത്ത്
ചെങ്ങന്നൂര്‍: എട്ടുവര്‍ഷമായി പോക്കുവരവ് നടത്തി കരമൊടുക്കാന്‍ സാധിക്കാതെയിരുന്ന പൊന്നിക്കര സ്വദേശിനി അന്നമ്മ ബാബുവിന്റെ അപേക്ഷയിന്മേല് തീര്‍പ്പുമായി കരുതലും കൈത്താങ്ങും അദാലത്ത്. ചെങ്ങന്നൂര്‍ താലൂക്ക്തല ആദാലത്തു വേദിയില്‍ മക്കളായ വിന്റു വിനും വിനോദിനും ഒപ്പം എത്തിയ അന്നമ്മ കഴിഞ്ഞ എട്ടുവര്‍ഷമായി തന്റെ ഉടമസ്ഥതയിലുള്ള 10 സെന്റ് വസ്തുവിന്റെ കരം അടച്ചു പോകുവരവ് നടത്തിക്കിട്ടുക എന്നതായിരുന്നു ആവശ്യം. സാങ്കേതിക തടസങ്ങളില്‍ മുടങ്ങിക്കിടന്നിരുന്ന കരം അടയ്ക്കാന്‍ പല ഓഫീസുകളെ സമീപിച്ചെങ്കിലും കാലതാമസം നേരിട്ടു.
കരുതലും കൈത്താങ്ങും വേദിയില്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചു വേദിയില്‍ വച്ചുതന്നെ വസ്തു പോക്കുവരവ് ചെയ്തു കരം അടയ്ക്കാനുള്ള ഉത്തരവ് മന്ത്രി സജി ചെറിയാന് നേരിട്ടു കൈമാറി. ഏറെ നാളായുള്ള പ്രശ്നത്തിന് ശാശ്വതപരിഹാരം ലഭിച്ച സന്തോഷമാണ് വേദി വിടുമ്പോള്‍ അന്നമ്മയുടെയും മക്കളുടെയും മുഖത്തുണ്ടായിരുന്നത്.
ഭരണപരമായ തീരുമാനങ്ങള്‍
വൈകുന്നത് അഴിമതിക്ക് തുല്യം:
മന്ത്രി പി. പ്രസാദ്
ചെങ്ങന്നൂര്‍: സാമ്പത്തിക ഇടപാടുകള്‍ മാത്രമല്ല ഭരണപരമായ തീരുമാനങ്ങള്‍ വൈകുന്നത് അഴിമതിയായിത്തന്നെ കണക്കാക്കണമെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. അദാലത്തുകള്‍ ജനങ്ങളുടെ പ്രശ്ന പരിഹാരത്തിലുള്ള ജനാധിപത്യപരമായ ഇടപെടലാണ്. പരാതിക്കാര്‍ക്ക് തന്റെ ഭാഗം വീണ്ടും പറയാന്‍ അവസരം ലഭിക്കുന്നു. കരുതലും കൈത്താങ്ങും ചെങ്ങന്നൂര്‍ താലൂക്ക് അദാലത്ത് ചെങ്ങന്നൂര്‍ ഐഎച്ച്ആര്‍ഡി എന്‍ജിനിയറിംഗ് കോളജ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
വികസനത്തിനൊപ്പം ജനങ്ങളുടെ പ്രശ്നങ്ങളില്‍ അതിവേഗം ഇടപെടുന്ന സര്‍ക്കാരാണിതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി സജി ചെറിയാന് പറഞ്ഞു. ചെങ്ങന്നൂരില്‍ നടക്കുന്നത് ജില്ലയിലെ അഞ്ചാമത്തെ അദാലത്താണ്. നൂറുകണക്കിന് പേരുടെ നീറുന്ന പ്രശ്നങ്ങള്‍ ഇതുവരെ മന്ത്രിമാരുടെ നേതൃത്വത്തില്‍ പരിഹരിച്ചിട്ടുണ്ട്. തീരസദസില്‍ ഫിഷറീസ് മേഖലയിലെ 28,000 പരാതികള്‍ പരിഹരിച്ചു.
വനം, എല്‍എസ്ജിഡി എന്നീ വകുപ്പുകളുടെ മന്ത്രിമാരുടെ നേതൃത്വത്തിലും അദാലത്തുകള്‍ നടന്നു. റവന്യൂ വകുപ്പിന്റെ അദാലത്തില്‍ ചെങ്ങന്നൂരില്‍ പരിഹാരം കാത്തുകിടന്ന 4500 അപേക്ഷകളില്‍ 25 അധിക ഉദ്യോഗസ്ഥരെ ഇരുത്തി പരിഹരിച്ചു. ജില്ലില്‍ ചെങ്ങന്നൂരില്‍ പരാതികള്‍ കുറഞ്ഞത് ഇത്തരം അദാലത്തുകളുടെ വിജയത്തിന് തെളിവാണെന്നും മന്ത്രി സജി ചെറിയാന് പറഞ്ഞു.
ഉദ്ഘാടന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ്, നഗരസഭാ ചെയര്‍പേഴ്സണ്‍ ശോഭാ വര്‍ഗീസ്, ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. സലിം, നഗരസഭാ കൗണ്‍സിലര്‍ വി. വിജി, വെണ്മണി പഞ്ചായത്ത് പ്രസിഡന്റ് സുനിമോള്‍ ടി.സി., എ.ഡി.എം ആശ സി ഏബ്രഹാം, ആര്‍ഡിഒ ജെ. മോബി, ചെങ്ങന്നൂര്‍ തഹസിലദാര്‍ അശ്വനി അച്യുതന് തുടങ്ങിയവര്‍ പ്രസംഗിച്ചു.