തെരുവുകൾ കീഴടക്കി നായ്ക്കൾ
1494707
Sunday, January 12, 2025 11:36 PM IST
തുറവൂര്‍: മേഖലയില്‍ തെരുവുനായ ശല്യം രൂക്ഷമാകുന്നു. രാപകല്‍ വ്യത്യാസമില്ലാതെ റോഡില്‍ അലഞ്ഞു തിരിയുന്ന തെരുവു നായ്ക്കള്‍ ജനങ്ങളെ ആക്രമിക്കുന്നതും പതിവായിരിക്കുകയാണ്. ബൈക്ക് യാത്രികരേയും കാല്‍നട യാത്രക്കാരേയും തെരുവ് നായ്ക്കള്‍ ഭീഷണിയാവുന്നു. തുറവൂര്‍ റെയില്‍വേ സ്റ്റേഷന് തെരുവു നായ്ക്കള്‍ കൈയ്യടക്കിയിരിക്കുകയാണ്. രാത്രികാലങ്ങളില്‍ സ്റ്റേഷനില്‍ ഇറങ്ങുന്നവര്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയാണ്.
തുറവൂര്‍ കവല, വളമംഗലം, കാവില്‍, പട്ടണക്കാട് അന്ധകാരനഴി പൊനാം വെളി, പള്ളിത്തോട്, ചാവടി, എഴുപുന്ന, കുത്തിയതോട്, കോടംതുരുത്തു പ്രദേശങ്ങള്‍ തെരുവുനായ്ക്കള്‍ വിഹരിക്കുകയാണ്. തീരദേശ റോഡില്‍ നായ്ക്കക്കള് കുറുകെ ചാടി വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് നിത്യസംഭവമാണ്. നായ്ക്കളുടെ ആക്രമണ ഭീഷണിമൂലം മത്സ്യത്തൊഴിലാളികള്‍ക്ക് പുലര്‍ച്ചേ മത്സൃ ബന്ധനത്തിനു പോകാന്‍ സാധിക്കാത്ത അവസ്ഥയാണ്.
നിരവധിത്തവണ പരാതികള്‍ നല്‍കിയിട്ടും പട്ടണക്കാട്, തുറവൂര്‍, കുത്തിയതോട്, കോടംതുത്ത്, എഴുപുന്ന, അരുര് പഞ്ചായത്തുകള്‍ യാതൊരുവിധ നടപടിയും സ്വീകരിക്കുന്നില്ലേന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി.