ജനകീയ മുന്നേറ്റത്തിൽ ചെറിയനാട് ഷാപ്പ് പൂട്ടി
1494712
Sunday, January 12, 2025 11:36 PM IST
ചെങ്ങന്നൂര്‍: ചെറിയനാട് പഞ്ചായത്ത് ഓഫീസിനു സമീപം 2022 മുതല്‍ പ്രവര്‍ത്തിച്ചുവന്ന ഷാപ്പ് ജനകീയ സമിതിയുടെയും വാര്‍ഡ് മെംബറുടെയും ശക്തമായ ഇടപെടല്‍ മൂലം പൂട്ടി. ചെറിയനാട് പഞ്ചായത്തിന്റെ സിരാകേന്ദ്രമായ കുളത്താപ്പള്ളില്‍ ഷാപ്പ് ആരംഭിച്ചതു മുതല്‍ മാത്യു ഏബ്രഹാം ചെയര്‍മാനായും, സി. പി. ശ്രീജിത്ത് കണ്‍വീനറായും രൂപീകരിച്ച ജനകീയ സമിതി വിവിധ രാഷ്ട്രീ യ കക്ഷികളുടെയും സംഘടനകളുടെയും സഹകരണത്തോടെ ഷാപ്പിനു മുന്പില് മാസങ്ങളോളം സമരം നടത്തുകയും എംഎല്‍എ, എക്സൈസ് അടക്കമുള്ള അധികൃതര്‍ക്ക് നേരില്‍ കണ്ട് പരാതി സമര്‍പ്പിക്കുകയും ചെയ്തു.
2022 ഏപ്രില്‍ 18നു കൂടിയ പഞ്ചായത്ത് കമ്മറ്റിയില്‍ ഷാപ്പ് മാറ്റിസ്ഥാപിക്കണം എന്ന തീരുമാനം ഐക്യകണ്ഠ്യേന അംഗീകരിച്ചു. നാലാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പിനു ശേഷം ജനങ്ങളുടെ ആവശ്യപ്രകാരം മെംബര്‍ ഒ.റ്റി. ജയമോഹന് ഇതില്‍ താത്പര്യമെടുക്കുകയും ജനകീയ സമിതി പ്രവര്‍ത്തകരോടൊപ്പം കെട്ടിട ഉടമയായ സുരേഷിനെ സമീപിക്കുകയും, എഗ്രിമെന്റ് പുതുക്കാതെയാണ് ഷാപ്പ് പ്രവര്‍ത്തിക്കുന്നതെന്ന് മനസിലാക്കുകയും ചെയ്തു.
തുടര്‍ന്ന് വിവിധ രാഷ്ട്രീയ സാമുദായിക സംഘടനകള്‍ക്ക് കത്ത് നല്കി. 2024 ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി ദിനത്തില്‍ ഒരു ധര്‍ണ നടത്തുകയും ചെയ്തു. സംസ്ഥാന എക്സൈസ് കമ്മീഷണര്‍, ഡെപ്യൂട്ടി കമ്മീഷണര്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, കളക്ടര്‍ എന്നിവര്‍ക്ക് പരാതി അയയ്ക്കുകയും അവരുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉടമയുടെ സമ്മതമില്ലാതെ പ്രവര്‍ത്തിച്ചുവന്നിരുന്ന ഷാപ്പ് പൂട്ടുകയുമായിരുന്നു.