കൃത്രിമ തിരക്ക് സൃഷ്ടിച്ച് മാലയും പണവും മോഷണം: മൂന്ന് തമിഴ് സ്ത്രീകള്‍ അറസ്റ്റില്‍
1491994
Thursday, January 2, 2025 10:56 PM IST
ചെങ്ങന്നൂര്‍: ക്ഷേത്രദര്ശനങ്ങള് ക്കിടയിലും ബസ് യാത്രയിലും കൃത്രിമ തിരക്ക് സൃഷ്ടിച്ച് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ച്ച ചെയ്തുവന്ന തമിഴ്നാട് സ്വദേശികളായ മൂന്നു സ്ത്രീകളെ ചെങ്ങന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
കോയമ്പത്തൂര്‍ പാപ്പനക്കല്പാളയം പള്ളിയാര്‍കോവില്‍ തെരുവില്‍ താമസക്കാരായ വേലമ്മ(48), സാറ (40), മേഘന (38) എന്നിവരാണ് പിടിയിലായത്. ഡിസംബര്‍ ഒന്നിന് ചെങ്ങന്നൂര്‍ ക്ഷേത്രത്തില്‍ പ്രസാദം വാങ്ങാനുള്ള തിരക്കിനിടയില്‍ ചെങ്ങന്നൂര്‍ സ്വദേശിനിയായ സുമയുടെ കഴുത്തില്‍നിന്നും ഒന്നേമുക്കാല്‍ പവന്റെ സ്വര്‍ണാഭരണം കവര്‍ച്ച ചെയ്തതിന്റെ സിസിടിവി ദൃശ്യം കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം തുടങ്ങിയത്. അതിനിടെ വീണ്ടും ചെങ്ങന്നൂര്‍ അരീക്കര പറയരുകാല ദേവീ ക്ഷേത്രത്തിലെ ഗണപതിഹോമത്തിനിടയില്‍ രണ്ടു സ്ത്രീകളുടെ കഴുത്തില്‍നിന്നായി അഞ്ചു പവന്റെയും നാലുപവന്റെയും സ്വർണമാലകള്‍ ഇവര്‍ പൊട്ടിച്ചെടുത്തു കടന്നുകളഞ്ഞിരുന്നു.
പിന്നീട് കാരയ്ക്കാട് സ്വദേശിനിയായ പ്രിന്‍സിയുടെ കൈയി ലെ അരലക്ഷത്തോളം രൂപ ഇവര്‍ ബസില്‍വച്ച് കവര്‍ന്നു. ഈ പരാതിയിലും അന്വേഷണം നടന്നുവരികയായിരുന്നു. അങ്ങനെയിരിക്കെ ഇന്നലെ കരുനാഗപ്പള്ളിയില്‍ ബസിനുള്ളില്‍ മോഷണശ്രമം നടത്തുന്നതിനിടെ ഇവര്‍ അവിടെ പിടിയിലാകുകയായിരുന്നു.
തുടര്‍ന്ന് ചെങ്ങന്നൂരിലെ കേസുമായി ബന്ധപ്പെട്ട് ഇവരെ ചെങ്ങന്നൂരിലേക്ക് കൈമാറുകയായിരുന്നു. സ്ഥിരമായി ബസില്‍ കയറി കൃത്രിമതിരക്ക് സൃഷ്ടിച്ച് യാത്രക്കാരുടെ ബാഗില്‍നിന്നു പണവും സ്വര്‍ണവും കവരുന്നത് ഇവരുടെ രീതിയാണ്. കേരളത്തിലെ ഇരുപതോളം സ്റ്റേഷനുകളിലായി നൂറോളം കേസുകള്‍ ഇവര്‍ക്കെതിരെയുള്ളതായി പോലീസ് അറിയിച്ചു.
എത്ര കേസുകളില്‍ പിടിക്കപ്പെട്ടാലും ഇവരെ രക്ഷിക്കാന്‍ ഒരുവിഭാഗം അഭിഭാഷകര്‍ രംഗത്തുള്ളതാണ് കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്നും ആക്ഷേപമുണ്ട്. ഹൈക്കോടതിയില്‍ ഇവര്‍ക്കായി ഹാജരാകുന്നത് ലക്ഷങ്ങള്‍ ഫീസ് വാങ്ങുന്ന പ്രമുഖ അഭിഭാഷകനാണെന്നാണു വിവരം.