ജസീമിന് നല്കിയ വാക്ക് പാലിച്ച് എം.എ. യൂസഫലി; ഇലക്ട്രിക് വീല്‍ ചെയര്‍ കൈമാറി
1492498
Saturday, January 4, 2025 3:35 PM IST
ആലപ്പുഴ: ജന്മനാ വൈകല്യം ബാധിച്ച ജസീമിന് നല്കിയ വാക്ക് പാലിച്ച് ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി. ഒരു ഇലക്ട്രിക് സ്കൂട്ടര്‍ വേണമെന്ന ജസീമിന്റെ ആഗ്രഹം എം.എ. യൂസഫലി ഉടന്‍ തന്നെ സാധിച്ചു നല്കി.
ജന്മനാ സെറിബ്രല്‍ പാഴ്സി ബാധിച്ച ഹരിപ്പാട് മുട്ടം നൈസാം മന്‍സിലില്‍ ജസീം മുഹമ്മദിനാണ് എം.എ. യൂസഫലിയുടെ സ്വാന്തനഹസ്തമെത്തിയത്. ഇരട്ടകളായി ജനിച്ച ജസീമിന് സഹോദരനെ പോലെ നടക്കാന്‍ സാധിച്ചിരുന്നില്ല.
പരിശോധനയിലാണ് സെറിബ്രല്‍ പാഴ്സിയാണ് അസുഖമെന്ന് കണ്ടെത്തുന്നത്. പിന്നാലെ ജസീമിനെ മാതൃസഹോദരനായ അബ്ദുള്‍ മനാഫ് വളര്‍ത്തുകയായിരുന്നു. നടുവട്ടം വൊക്കേഷണല്‍ ഹയര്‍സെക്കൻഡറി സ്കൂളില്‍ നിന്ന് പരിമിതികള്‍ക്കുള്ളിലും പ്ലസ് ടു വിദ്യാഭ്യാസം ജസീം സ്വന്തമാക്കി.
ഒരു ഇലക്ട്രിക് വീല്‍ ചെയര്‍ ലഭിച്ചാല്‍ പരസഹായം ഇല്ലാതെ തനിക്ക് സ്വന്തമായി ചലിക്കാം എന്നതായിരുന്നു 23 കാരനായ ജസീമിന്റെ ആഗ്രഹം. പിന്നാലെയാണ് സഹായം അഭ്യര്‍ഥിച്ച് എം.എ. യൂസഫലിക്ക് മെയില്‍ അയക്കാന്‍ മാതൃസഹോദരന്‍ അബ്ദുള്‍ മനാഫ് തീരുമാനിക്കുന്നത്.
അങ്ങനെ കഴിഞ്ഞ ഓഗസ്റ്റ് ആറിന് യൂസഫലിയുടെ ഓഫീസിലേക്ക് ഈ മെയില്‍ അപേക്ഷ അയച്ചു. തുടർന്ന് ജസീമിന്റെ അവസ്ഥ അറിയാന്‍ ലുലു പ്രതിനിധികൾ എത്തി. ഹരിപ്പാട് സബര്‍മതി സ്കൂള്‍ സന്ദര്‍ശന വേളയില്‍ ജസീമിനെ യൂസഫലി നേരില്‍ കണ്ടതും ഭാഗ്യമായി.
ഇലക്ട്രിക് വീല്‍ചെയര്‍ വീട്ടിലെത്തും നീ ധൈര്യമായി ഇരുന്നോ എന്നായിരുന്നു ജമീമിന്റെ തോളില്‍ തട്ടി യൂസഫലി മറുപടി നല്‍കിയത്. കഴിഞ്ഞ ദിവസം ലുലു മീഡിയ ഇന്ത്യ ഹെഡ് എന്‍.ബി. സ്വരാജ് ലുലുഗ്രൂപ്പ് ചെയര്‍മാന്റെ നിര്‍ദേശപ്രകാരം വീട്ടിലെത്തി പുതിയ ഇലക്ട്രിക് വീല്‍ചെയര്‍ കൈമാറി.
വീല്‍ ചെയറില്‍ ഇരുന്ന് സഞ്ചരിച്ചപ്പോള്‍ ജസീമിന്റെ മനസും ഹാപ്പിയായി. സ്വന്തമായി എന്തെങ്കിലും തൊഴില്‍ കണ്ടെത്തണമെന്നതാണ് ജസീമിന്റെ ആഗ്രഹം. ബിസിനസോ ഉപജീവനമോ നടത്താന്‍ ഈ വീല്‍ ചെയര്‍ കൊണ്ട് സാധിക്കുമെന്നും യൂസഫലിയോട് പറഞ്ഞറിയിക്കാന്‍ കഴിയാത്ത നന്ദിയുണ്ടെന്നും ജസീം പറഞ്ഞു.