യു. പ്രതിഭ എംഎൽഎയുടെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം
1492272
Friday, January 3, 2025 11:12 PM IST
കായംകുളം: യു. പ്രതിഭ എംഎൽഎയുടെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. വർഗീയ വിഷം വിളമ്പുന്ന പ്രതിഭ എംഎൽഎ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കായംകുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. കഞ്ചാവ് കേസിൽ ഒമ്പതാം പ്രതിയായ എംഎൽഎയുടെ മകൻ കനിവ് ഉൾപ്പെട്ട കേസിന്റെ വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകരുടെ മതം നോക്കി വർഗീയ പരാമർശം നടത്തിയ യു. പ്രതിഭ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എംപി പ്രവീൺ മാർച്ച് ഉദ്ഘാടനം ചെയ്തു.
ഫേസ്ബുക്ക് ലൈവിൽ വന്ന് വർഗീയ പരാമർശം നടത്തിയ എംഎൽഎയ്ക്ക് പിന്തുണ നൽകിയ ബിജെപി നേതാക്കൾ എംഎൽഎയുമായി രഹസ്യധാരണ ഉണ്ടാക്കിയിട്ടുണ്ടെന്നും സിപിഎം മുൻ ഏരിയാകമ്മിറ്റി അംഗവും ഇപ്പോൾ ബിജെപി നേതാവുമായ ബിപിൻ സി. ബാബുവിന്റെ നേതൃത്വത്തിലാണ് ബിജെപിയിലേക്കുള്ള വഴി തുറക്കുന്നതെന്നും എം. ബി. പ്രവീൺ ആരോപിച്ചു. കായംകുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ നിന്നാരംഭിച്ച മാർച്ച് ടൗൺ ചുറ്റി എംഎൽഎ ഓഫീസിന് മുന്നിൽ എത്തിയപ്പോൾ പ്രവർത്തകരെ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടയുകയും തുടർന്ന് ജലപീരങ്കി പ്രയോഗിക്കുകയുമായിരുന്നു.
ഇതേത്തുടർന്ന് പോലീസും പ്രവർത്തകരും തമ്മിൽ വാക്കുതർക്കം ഉണ്ടായി. യൂത്ത് കോൺഗ്രസ് കായംകുളം നിയോജകമണ്ഡലം പ്രസിഡന്റ് അഫ്സൽ പ്ലാമൂട്ടിൽ അധ്യക്ഷത വഹിച്ചു.
കെപിസിസി സെക്രട്ടറി കറ്റാനം ഷാജി, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിതാ ബാബു, സംസ്ഥാന സെക്രട്ടറിമാരായ വിശാഖ് പത്തിയൂർ, ഷമീം ചിരാമത്ത്, അജിമോൻ കണ്ടല്ലൂർ തുടങ്ങിയവർ പ്രസംഗിച്ചു.