നവീകരണം കാത്ത് നൂറ്റവൻപാറ കുടിവെള്ള പദ്ധതി
1491993
Thursday, January 2, 2025 10:56 PM IST
ചെങ്ങന്നൂര്‍: കൊടുംവേനലില്‍ കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുമ്പോള്‍ ചെറുകിട കുടിവെള്ള പദ്ധതികള്‍ വിപുലീകരിക്കണമെന്ന ആവശ്യം ശക്തമായി. പുലിയൂര് പഞ്ചായത്തിലെ നൂറ്റവന്‍പാറ പോലെയുള്ള പദ്ധതികള്‍ ഒട്ടേറെ കുടുംബങ്ങളുടെ ദാഹമകറ്റുന്നുണ്ട്. പക്ഷേ, ജലത്തിന്റെ ഉപഭോഗം കൂടിയതിനനുസരിച്ച് അവയുടെ വിപുലികരണം നടന്നിട്ടില്ല.
അതേസമയം, വന്‍കിട പദ്ധതികള്‍ നിലവില്‍ വരുമ്പോള്‍ ഇവയുടെ ഭാവി എന്താകുമെന്ന ചോദ്യവും ഉയരുന്നുണ്ട്. എത്രവലിയ പദ്ധതിവന്നാലും ഇപ്പോള്‍ ദാഹജലംതരുന്ന പ്രാദേശിക മിനി പദ്ധതികള്‍ ഇല്ലാതാക്കരുതെന്നാണ് ഉപയോക്താക്കള്‍ പറയുന്നത്.
പാറക്കെട്ടുകള്‍നിറഞ്ഞ ഉയര് ന്നപ്രദേശത്ത് 1969ലാണ് നൂറ്റവന്‍പാറ കുടിവെള്ളപ്പദ്ധതിയാരംഭിച്ചത്. അന്ന് നൂറ്റവന്‍പാറയുടെ മുകളില്‍ കരിങ്കല്ലില്‍ കെട്ടിയ ചെറിയ ജലസംഭരണിയും പാറയുടെ തെക്കേ താഴ്വാരത്തെ പുഞ്ചയ്ക്കു സമീപമുള്ള കിണറും പമ്പ് ഹൗസുമടങ്ങുന്നതാണ് മാറ്റമില്ലാതെ ഇന്നും തുടരുന്ന നൂറ്റവന്‍പാറ പദ്ധതി.
പദ്ധതിയുടെ തുടക്കത്തില്‍ പ്രദേശത്ത് 150 ഓളം കുടുംബങ്ങളാണുണ്ടായിരുന്നതെങ്കില് അഞ്ചര പതിറ്റാണ്ടു കഴിഞ്ഞപ്പോള്‍ കുടുംബങ്ങളുടെ എണ്ണം ഇരട്ടിയിലധികമായി. കൂടാതെ സമീപ അതിര്‍ത്തി പ്രദേശമായ നഗരസഭാ വാര്‍ഡുകളിലെ അത്രയും തന്നെ കുടുംബങ്ങളും നൂറ്റവന്‍ പാറപദ്ധതിയുടെ കനിവും കാത്ത് കഴിയുകയാണ്. ഫലത്തില്‍ നിലവിലുള്ള പദ്ധതി വിപുലപ്പെടുത്തിയെങ്കില്‍ മാത്രമേ ഇന്നത്തെ കുടിവെള്ളക്ഷാമത്തിനു പരിഹാരമാവുകയുള്ളു.
എന്നാല്‍, ചില അറ്റകുറ്റപ്പണികളല്ലാതെ നിലവിലെ ജനസംഖ്യാവര്‍ധനവിന് ആനുപാതികമായി പദ്ധതി വിപുലീകരിച്ചിട്ടില്ല. ഏറെ കാലങ്ങള്‍ക്കു ശേഷം അടുത്തിടെ ഇവിടെ എട്ടുലക്ഷം രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍, അതിന്റെ ഗുണം ലഭിച്ചിട്ടില്ലെന്നു നാട്ടുകാര്‍ പറയുന്നു. കുടിവെള്ളത്തിനായി പദ്ധതിയെ മാത്രമാശ്രയിക്കുന്ന നൂറുകണക്കിനു കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. പാറക്കെട്ടുകള്‍ നിറഞ്ഞ പ്രദേശമായതിനാല്‍ ഇവിടെ കുഴല്‍ക്കിണര്‍ സ്ഥാപിക്കാനാവില്ല.
പുലിയൂര് പഞ്ചായത്ത് നാലാം വാര്‍ഡിന്റെ കിഴക്കേ അതിര്‍ത്തി ഭാഗമായ നൂറ്റവന്പാറയും അതിര്‍ത്തിയായ നഗരസഭ 17, 19, 20, 21 വാര്‍ഡുകളുമാണ് നിലവില്‍ പദ്ധതിയുടെ ഭാഗമായി വരുന്നത്. നൂറ്റവന്‍പാറ കുടിവെള്ളപ്പദ്ധതി കലോചിതമായി വിപുലീകരിക്കണമെന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്.
വേനല്‍ ശക്തമായതോടെ പദ്ധതിക്കിണറ്റിലെ ജലനിരപ്പ് ദിവസവും കുറഞ്ഞുവരികയാണ്. ഇതുമലം പമ്പുചെയ്യുമ്പോള്‍ കിണറിന് അടിത്തട്ടിലെ കലങ്ങിയ വെള്ളമാണ് വിതരണലൈനില്‍ എത്തുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ജനുവരി ആദ്യ പകുതിയോടെ ജലക്ഷാമം രൂക്ഷമാകും. ഈ സാഹചര്യം എങ്ങനെ അതിജീവിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.