പുന്നപ്രയുടെ ചുവന്ന മണ്ണിൽ സിപിഎം നേതാവ് കോൺഗ്രസിൽ ചേർന്നു
1492260
Friday, January 3, 2025 11:12 PM IST
അന്പലപ്പുഴ: പുന്നപ്രയുടെ ചുവന്ന മണ്ണിൽനിന്ന് രണ്ടു തവണ ലോക്കൽ കമ്മിറ്റിയംഗമായ സിപിഎം നേതാവ് പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. വിപ്ലവ മണ്ണായ പുന്നപ്ര കിഴക്ക് ലോക്കൽ കമ്മിറ്റിയംഗമായ കുറവൻതോട് റിയാസ് മൻസിലിൽ ടി.കെ.പി സലാഹുദീനാണ് 18 വർഷത്തെ സിപിഎം ബന്ധം ഉപേക്ഷിച്ച് കോൺഗ്രസിൽ ചേർന്നത്.
കഴിഞ്ഞ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പുന്നപ്ര കിഴക്ക് ലോക്കൽ കമ്മിറ്റിക്കു കീഴിൽ ബിജെപി ഒന്നാം സ്ഥാനത്തെത്തിയപ്പോൾ സിപിഎം മൂന്നാം സ്ഥാനത്താണെത്തിയത്. ഇത് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പലതവണ കത്തു നൽകിയെങ്കിലും പ്രയോജനമുണ്ടായില്ലെന്ന് സലാഹുദീൻ പറയുന്നു. ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ഇദ്ദേഹം കർഷക സംഘം അമ്പലപ്പുഴ ഏരിയാ കമ്മിറ്റിയംഗം, കേരള പ്രവാസി സംഘം ജില്ലാകമ്മിറ്റിയംഗം, ഏരിയ ട്രഷറർ, പ്രവാസി സംഘത്തിന്റെ കീഴിലുള്ള ബാങ്കിന്റെ ട്രഷറർ എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു.
സലാഹുദീന്റെ പുന്നപ്രയിലെ വസതിയിൽ നടന്ന ചടങ്ങിൽ കെപിസിസി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ ഷാൾ അണിയിച്ച് സ്വീകരിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.പി. പ്രവീൺ ഉൾപ്പെടെ നിരവധി നേതാക്കളും പങ്കെടുത്തു.