ആരോഗ്യരംഗത്ത് ചരിത്രത്തിലെ ഏറ്റവും വലിയ വികസനം: വീണാ ജോർജ്
1492261
Friday, January 3, 2025 11:12 PM IST
മാവേലിക്കര: സംസ്ഥാനത്തിന്റെ ആരോഗ്യരംഗത്ത് ചരിത്രത്തിലെ ഏറ്റവും വലിയ വികസനമാണ് കഴിഞ്ഞ എട്ടു വർഷങ്ങൾക്കിടയിൽ ഉണ്ടായതെന്ന് മന്ത്രി വീണാ ജോർജ് . തഴക്കര പഞ്ചായത്തിലെ ഇറവങ്കര എഫ്എച്ച്സിയിൽ എം എൽഎ ഫണ്ടിൽ നിന്നു അനുവദിച്ച 50 ലക്ഷം രൂപ വിനിയോഗിച്ച് നിർമിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ആലപ്പുഴ ജില്ലയിൽ മാത്രം കിഫ്ബി വഴി കോടികളുടെ വികസനമാണ് നടപ്പാക്കിയത്. സൗജന്യ ചികിത്സയിൽ ഇന്ത്യയിൽ ഒന്നാമതാകാൻ കേരളത്തിന് കഴിഞ്ഞു. കിഫ് ബി വഴി 132 കോടി ചെലവഴിച്ച് നിർമിക്കുന്ന മാവേലിക്കര ജില്ലാ ആശുപത്രി സംസ്ഥാനത്തെ മികച്ച ആശുപത്രികളിൽ ഒന്നാകും. ആരോഗ്യരംഗത്ത് ലോകത്തിന് മാതൃകയാവാൻ കേരളത്തിന് കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.
എം. എസ്. അരുൺകുമാർ എംഎൽഎ അധ്യക്ഷനായി. ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ. ജെ. റീന മുഖ്യ പ്രഭാഷണം നടത്തി. മുൻ എംഎൽഎ ആർ രാജേഷ്, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ ഇന്ദിരദാസ് എന്നിവർ മുഖ്യാതിഥികളായി. മഞ്ജുളാദേവി, അംബിക സത്യനേശൻ തുടങ്ങിയവർ പങ്കെടുത്തു. തഴക്കര പഞ്ചായത്ത് പ്രസിഡന്റ് ഷീബാ സതീഷ് സ്വാഗതം പറഞ്ഞു.