സുകുമാരൻനായര്‍ രമേശ് ചെന്നിത്തലയെ എന്‍എസ്എസിന്റെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കി: വെള്ളാപ്പള്ളി
1492269
Friday, January 3, 2025 11:12 PM IST
ചേർത്തല: രമേശ് ചെന്നിത്തല എൻഎസ്എസിന്റെ പുത്രനാണെന്ന ജി. സുകുമാരൻനായരുടെ പരാമർശം കടന്നകൈ യാണെന്നും ഇതു ചെന്നിത്തലയെ എൻഎസ്എസിന്റെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കിയെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
കണിച്ചുകുളങ്ങരയിലെ വസതിയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ പരാമർശം ചെന്നിത്തല അധികാരത്തിലെത്തിയാൽ എൻഎസ്എസിന്റെ സ്വകാര്യ സ്വത്താകുമെന്ന ആശങ്കയുണ്ടാക്കി. ഇക്കാര്യം രമേശ് ചെന്നിത്തലയുമായി ഫോണിൽ പങ്കുവച്ചെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മക്കള്‍ എപ്പോഴും അച്ഛനും കുടുംബക്കാർക്കും വേണ്ടിയായിരിക്കും പ്രവർത്തിക്കുകയെന്നതാണ് രീതി. ഒരു എംഎൽഎ പോലും ആകാൻ യോഗ്യതയില്ലാത്തയാളെയാണ് കുട്ടനാട്ടിൽ ഇടതുപക്ഷം എംഎൽഎ ആക്കിയത്. മുൻ എംഎൽഎയുടെ പെട്ടിയെടുപ്പുകാരനും കണക്കെഴുത്തുകാരനുമായതു മാത്രമാണ് യോഗ്യത. എൽഡിഎഫ് കുട്ടനാട് സീറ്റ് എൻസിപിക്ക് കൊടുത്തത് ജനതാത്പര്യത്തിന് എതിരാണ്.
അർഹരായ പലർക്കും സ്ഥാനങ്ങൾ ലഭിക്കാത്തപ്പോഴാണ് അനർഹരായവരുടെ വിളയാട്ടം. ഇയാളാണ് ഇപ്പോൾ മന്ത്രിയാകാൻ ശ്രമിക്കുന്നത്. എൻസിപിയിൽ എത്തിയപ്പോൾ പി.സി. ചാക്കോ അതിന്റെ പേരിൽ വിലപേശൽ തന്ത്രമാണ് നടത്തുന്നത്. വോട്ടുകുത്തി യന്ത്രങ്ങളായി കുട്ടനാട്ടുകാർ എന്നുമുണ്ടാകില്ലെന്നും ഇതിനു മാറ്റം വന്നുതുടങ്ങിയതായും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.